ജനവാസ മേഖലയിൽ വന്യമൃഗങ്ങളിറങ്ങുമ്പോൾ വനം വകുപ്പ് കാണിക്കുന്നത് വലിയ അലംഭാവം ; ഇരിട്ടി താലൂക്ക് വികസന സമിതി

ഇരിട്ടി: ജനവാസ മേഖലയിൽ കടുവയും പുലിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ മനുഷ്യ ജീവന് ഭീഷണി തീർക്കുമ്പോൾ വനം വകുപ്പ് കാണിക്കുന്നത് വലിയ അലംഭാവമാണെന്ന് ഇരിട്ടി താലൂക്ക് വികസനസമിതിൽ ആരോപണമുയർന്നു. കഴിഞ്ഞ തവണ വികസനസമിതിയോഗം ചേർന്നപ്പോൾ അംഗങ്ങൾ ഈ വിഷയം ഉയർത്തിയിരുന്നു. എന്നാൽ കൊട്ടിയൂർ മേഖലയിൽ പുലിശല്യം വർദ്ധിക്കുകയും വളർത്തു മൃഗങ്ങളെ കൊല്ലുകയും ചെയ്തിട്ടും ഇതിനെ പിടികൂടാനുള്ള യാതൊരു നടപടിയും ഇതുവരെ ഉണ്ടാകാത്തതിൽ എന്താണ് മറുപടി എന്ന് അദ്ധ്യക്ഷത വഹിച്ച എം എൽ എ സണ്ണി ജോസഫ് യോഗത്തിൽ ഹാജരായ വനം വകുപ്പ് ഉദ്യോഗസ്ഥനോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ഇല്ലായിരുന്നു. വനം വകുപ്പ് കൂറച്ചു കൂടി കാര്യക്ഷമമായും സമയബന്ധിതമായും ഇടപെടണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതുവരെ നടത്തിയ പ്രവർത്തനങ്ങളിൽ അത്യപ്തി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡിസംബർ 2 ന് മാട്ടറ പീടികക്കുന്നിൽ കണ്ട കടുവ വിവിധ ജനവാസ കേന്ദ്രങ്ങളിലൂടെ കറങ്ങി ഒരു മാസവും 10 ദിവസം കഴിഞ്ഞാണ് വയനാട്ടിൽ കർഷകനെ കൊന്നത്. പിറ്റേ ദിവസം മയക്കുവെടി വെക്കുകയും ചെയ്തു. ഇതിനു മുൻപ് മുണ്ടയാംപറമ്പിൽ നേർക്കുനേർ കണ്ടപ്പോഴോ ആറളം ഫാമിൽ തൊഴിലാളികൾ കണ്ടപ്പോഴോ മയക്കുവെടി വച്ചു പിടിച്ചിരുന്നെങ്കിൽ കർഷകന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ഇപ്പോഴും നാട്ടിൽ കടുവയും പുലിയും ഉണ്ട്. ഇനിയും ദുരന്തം കാത്തിരിക്കാതെ ഇവയെ മയക്കുവെടി വച്ചു തളച്ചു ഭീഷണി ഒഴിവാക്കാൻ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.
പയഞ്ചേരിയിൽ മിനി സിവിൽ സ്റ്റേഷൻ കെട്ടിട സമുച്ഛയം വരുന്നതിനു സമീപത്തുകൂടി വള്ളം ഒഴുകുന്ന തോട് കൂടുതൽ വെള്ളം ഒഴുകിപ്പോകുന്ന വിധത്തിൽ വീതികൂട്ടി നവീകരിച്ചില്ലെങ്കിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അടക്കമുള്ള ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും മഴക്കാലത്ത് വെള്ളത്തിലാകുമെന്ന് യോഗത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി സംരക്ഷണ ഭിത്തി കെട്ടിയപ്പോൾ തോട് ഇടുങ്ങി. റവന്യൂ വകുപ്പ് കൃത്യമായി സ്ഥലം അളന്നു സർവേ നടത്തിയാണ് സിവിൽ സ്റ്റേഷൻ പ്രവൃത്തി ആരംഭിച്ചിട്ടുള്ളതെന്നും പരാതി പരിശോധിക്കുമെന്നും തഹസിൽദാർ സി.വി. പ്രകാശൻ മറുപടി നൽകി. ഇതേ വിഷയത്തിൽ ഇപ്പോൾ നിർമ്മാണ പ്രവർത്തി നടക്കുന്ന എഇഒ ഓഫിനു മുന്നിലെ ബൈപ്പാസ് റോഡിലെ പൈപ്പ് കൽവർട്ട് മാറിയില്ലെങ്കിൽ പ്രളയത്തിന് സമാനമായ വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കുമെന്ന് ആശങ്കയും യോഗത്തിൽ ഉയർന്നു. ഇതേ കാര്യത്തിൽ കലുങ്ക് പുനർ നിർമ്മിച്ചില്ലങ്കിൽ പയഞ്ചേരമുക്കിലെ റോഡും വ്യാപാര സ്ഥാപനങ്ങളുമെല്ലാം വെള്ളത്തിനടിയാകുമെന്ന ആശങ്കയുമായി വ്യാപാരി നേതാക്കളും കെട്ടിട ഉടമകളും താലൂക്ക് വികസന സമിതി യോഗത്തിൽ നിവേദനവുമായി എത്തുകയും ചെയ്തു.
ഡിവൈഡറിൽ മാസങ്ങൾക്കു മുൻപ് മറഞ്ഞു വീണു കിടക്കുന്ന സോളർ വിളക്ക് കാൽ നീക്കം ചെയ്യാത്തതും, ഉളിയിൽ - തില്ലങ്കേരി റോഡ് നിർമാണം റീ ടെൻഡർ നൽകിയിട്ടും അനന്തമായ പ്രവൃത്തി നീളുന്നതും, ഇരിട്ടി - പേരാവൂർ റോഡിൽ ഉൾപ്പെടെ സീബ്രാ ലൈനുകൾ മാഞ്ഞു പോയതും പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.
ഇരിട്ടി പാലം അറ്റകുറ്റപ്പണിയിൽ പക്ഷിക്കൂടിനും കയറിനും പോലും പെയിന്റടിച്ചതും കരാറുകാർ പൊട്ടിയ ക്രോസ് ഗർഡറുകൾ മാറ്റാത്തതും തൂണിൽ വളർന്നുനിൽക്കുന്ന ആൽമരം പിഴുതു മാറ്റാത്തതിലും ചോദ്യങ്ങളുണ്ടായി. ഇതിന് പരിഹാരമുണ്ടാക്കാൻ മരാമത്ത് പാലം വിഭാഗത്തെ അറിയിക്കാമെന്നു എംഎൽഎ പറഞ്ഞു.
ആറളം ഫാമിൽ തൊഴിലാളികൾക്ക് 6 മാസമായി ശമ്പളം മുടങ്ങിയ പ്രശ്‌നം പരിഹരിക്കണമെന്നും മോട്ടർ വാഹനവകുപ്പും പൊലീസും നഗരത്തിലെത്തുന്ന വാഹനങ്ങളോടു മനുഷ്വത്വപരമായി പെരുമാറണമെന്നും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. കശുവണ്ടി സംഭരണം ആരംഭിക്കാത്തതു മൂലം കർഷകർ ദുരിതം നേരിടുകയാണെന്നും 120 രൂപ വിപണിയിൽ വില ഉള്ളപ്പോൾ 114 രൂപ തറവില നിശ്ചയിച്ചതിൽ അപകാത ഉണ്ടെന്നും വില നിർണയ കമ്മിറ്റിയിൽ കർഷകരുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്നും വിപണിയിൽ കശുവണ്ടി പരിപ്പിന് ഉള്ള വില അനുസരിച്ചു തറവില നിശ്ചയിക്കണമെന്നും ചൂണ്ടിക്കാട്ടിയതോടെ ഈ ആവശ്യം പ്രമേയമായി സർക്കാരിലേക്ക് അയക്കാനും തീരുമാനിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ റോയി നമ്പുടാകം (കൊട്ടിയൂർ), ടി.ബിന്ദു (മുഴക്കുന്ന്), രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ശ്രീധരൻ, ഇബ്രാഹിം മുണ്ടേരി, പി.കെ. ജനാർദ്ദനൻ, കെ. ഇബ്രാഹീം, മാത്തുക്കുട്ടി പന്തപ്ലാക്കൽ, വിപിൻ തോമസ് തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

0/Post a Comment/Comments