ഇരിട്ടി: ആറളം ഫാം ഔനരധിവാസ മേഖലയിൽ കാട്ടാനയുടെ അക്രമണത്തിൽ വീണ്ടും ആദിവാസിക്ക് ദാരുണ മരണം. പുനരധിവാസ മേഖലയിലെ 10-ാം ബ്ലോക്കിൽ താമസിക്കുന്ന രഘു കണ്ണ(43) നെയാണ് കാട്ടന ചവിട്ടിക്കൊന്നത്. വീട്ടിനടുത്തു നിന്നും 100 മീറ്റർ അകലെ റോഡിന് എതിർ വശമുള്ള ഭൂമിയിൽ വീറക് ശേഖരിക്കാൻ പോയതായിരുന്നു. കാട് തെളിച്ച പ്രദേശത്തു നിന്നും അല്പം മാറി ചെറിയ കുറ്റിക്കാട്ടിൽ നിന്നും വിറക് കുനിഞ്ഞ് എടുക്കുന്നതിനിടെ പിന്നിൽ നിന്നും എത്തിയ കാട്ടാന തുമ്പിക്കൈക്കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം മുഖത്ത് ചവിട്ടുകയായിരുന്നു. രഘുവിനൊപ്പം പശുവിന് തീറ്റപുൽ ഷേഖരിക്കാൻ പോയ അയൽവാസി ബിജു ഓടി എത്തുമ്പോഴെക്കും ആന കാട്ടിലേക്ക് മറിഞ്ഞിരുന്നു. സമീപത്ത് തൊഴിലുറപ്പ് തൊഴിലാളികളും വനം വകുപ്പിന്റെ ആർ ആർ ടിയും എത്തി ഉടനെ പേരാവൂർ താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. ഒരു വർഷത്തിനിടയിൽ നാലു പേരെയാണ് ഫാമിൽ വെച്ച് കാട്ടാന ചവിട്ടിക്കൊല്ലുന്നത്. രഘുവിന്റെ മരണത്തോടെ ഫാമിൽ വന്യമൃഗങ്ങളുടെ അക്രമണത്തിൽ മരിക്കുന്ന ആദിവാസികളുടെ എണ്ണം പന്ത്രണ്ടായി.
പേരാവൂർ താലൂക്ക് ആസ്പത്രിയിൽ നിന്നും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തേക്ക് മാറ്റാൻ പോലീസ് കാണിച്ച ധൃതി ജനപ്രതിനിധികളുമായി വാക്കേറ്റത്തിനിടയാക്കി. പേരാവൂർ ഡി വൈ എസ് പിയുടേയും പേരാവൂർ, മുഴക്കുന്ന് ,കേളകം എസ് ഐമാരുടേയും നേതൃത്വത്തിൽ കനത്ത പോലീസും സ്ഥലത്തെത്തിയിരുന്നു. മരിച്ച രഘുവിന്റെ ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം ആസ്പത്രിയിൽ നിന്നും മാറ്റിയാൽ മതിയെന്ന് സ്ഥലത്തെത്തിയ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ പറഞ്ഞത് പോലീസുമായി വാക്കേറ്റത്തിനിടയാക്കി. ഇതിനിടയിൽ പോലീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്യാനും ശ്രമിക്കുകയും ബഹളത്തിനിടയിൽ മൃതദേഹം പരിയാരത്തേക്ക് മാറ്റുകയും ചെയ്തു. രഘുവിന്റെ ഭാര്യ ബീന എട്ടു വർഷം മുൻമ്പ് തീപൊള്ളലേറ്റ് മരിച്ചിരുന്നു. മക്കൾ: രഹ്‌ന (പ്ലസ് വൺ വിദ്യാർത്ഥിനി, ആറളം ഫാം സ്‌കൂൾ ), രഞ്ജിനി ( എട്ടാംക്ലാസ് വിദ്യാർത്ഥിനി), വിഷ്ണു( ആറാം ക്ലാസ് വിദ്യാർത്ഥി).
Post a Comment