പാൻ കാർഡ് ആാധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് ക്യാൻസലാകുമെന്ന മുന്നറിയിപ്പുമായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ്
അഞ്ച് ദിവസത്തിനകം പാൻ കാർഡ് ആാധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് ക്യാൻസലാകുമെന്ന മുന്നറിയിപ്പുമായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ്. നിങ്ങൾ ഇതുവരെ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിർബന്ധമായും 2023 മാർച്ച് 31 നകം പൂർത്തിയാക്കേണ്ടതുണ്ട്. പാൻ - ആധാർ രേഖകൾ 31 നകം  ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, പാൻ കാർഡ് അസാധുവായി പ്രഖ്യാപിക്കും. മാത്രമല്ല അസാധുവായ കാർഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാർഡ് കഷ്ണം മാത്രമായിരിക്കും.പാൻ കാർഡ് ഉടമകൾ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ, കാർഡ് ഉടമകളുടെ നികുതിയും ബിസിനസ്സുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളും തകരാറിലാകുമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) സൂചന നൽകുന്നുണ്ട്. മൊത്തം 61 കോടി പാൻ കാർഡുകളിൽ 48 കോടി കാർഡുകൾ  ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സിബിഡിടി ചെയർപേഴ്‌സൺ നിതിൻ ഗുപ്ത അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴും കോടിക്കണക്കിന് പാൻകാർഡുകൾ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്നും  മാർച്ച് 31 നകം നടപടിക്രമങ്ങൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി


2023 മാർച്ച് 31 - നകം ആധാറുമായി ലിങ്ക് ചെയ്യാത്ത വ്യക്തികളുടെ പാൻ ഏപ്രിൽ മുതൽ നിഷ്‌ക്രിയമായി പ്രഖ്യാപിക്കും. മാത്രമല്ല, നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി 1000 രൂപ ഫീസ് നൽകേണ്ടിവരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മെസ്സേജ് അയച്ച് പാൻ-ആധാർ ലിങ്ക് ചെയ്യുന്ന വിധം

ആധാർ നമ്പർ പാൻ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയയ്ക്കണം.

മെസ്സേജ് അയയ്ക്കുന്നതിനുള്ള ഫോർമാറ്റ് ഇപ്രകാരമാണ്.  UIDPAN <12 അക്ക ആധാർ കാർഡ്> <10 അക്ക പാൻ> എന്നിങ്ങനെ ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക.

ഉദാഹരണത്തിന്, നിങ്ങളുടെ ആധാർ നമ്പർ 123456789101 ഉം പാൻ കാർഡ് നമ്പർ  XYZCB0007T ഉം ആണെങ്കിൽ, UIDPAN 123456789101XYZCB0007T എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയയ്ക്കുക.

ആധാറിലും പാനിലും നികുതിദായകരുടെ പേരും ജനനത്തീയതിയും ഒന്നുതന്നെയാണെന്ന് കണ്ടെത്തിയാൽ, പാൻ ആധാർ കാർഡുകൾ അത് ലിങ്ക് ചെയ്യപ്പെടുന്നതാണ് .

പാൻ-ആധാർ ലിങ്ക് ചെയ്‌തോയെന്ന്  പരിശോധിക്കാം

ആദ്യം ആദായനികുതി വകുപ്പിന്റെ www.incometaxindiaefiling.gov.in എന്ന ഇ-ഫയലിംഗ് വെബ്സൈറ്റ് സന്ദർശിക്കുക

മുകളിലുളള ക്വിക് ലിങ്ക് ഓപ്ഷൻ ലഭ്യമാകും.

താഴെയുളള ലിങ്ക് ആധാർ സ്റ്റാറ്റസ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

പാൻ, ആധാർ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുക

തുടർന്ന്  'ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, സ്‌ക്രീനിലെ പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല. ആധാറുമായി ലിങ്ക് ചെയ്യുക' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കാർഡുകൾ ലിങ്ക് ചെയ്താൽ, നിങ്ങളുടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്തിരിക്കുന്നു എന്ന് കാണിക്കും.
---

0/Post a Comment/Comments