ഇരിട്ടി മട്ടന്നൂർ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം താലൂക്ക് സഭ

ഇരിട്ടി: ഇരട്ടി - മട്ടന്നൂർ നഗരസഭകളിലെ ആയിരത്തിൽപരം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി ഉണ്ടാക്കണമെന്ന് താലൂക്ക് വികസന സമിതിയോഗം  ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.  2024 ഓടെ ഇരു നഗരസഭകളിലേയും എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കും എന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി പ്രവർത്തനങ്ങൾ ഇപ്പോൾ ഇഴഞ്ഞ് നീങ്ങുകയാണ്. 

വീടുകളിൽ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള 280 കോടിയുടെ പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. 
താലൂക്ക് സഭയിൽ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാവുന്നില്ലെന്നുള്ള അംഗങ്ങളുടെ അഭിപ്രായത്തിൽ പങ്കുചേർന്ന് മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്ററാണ് വിഷയം സഭയിൽ അവതരിപ്പിച്ചത്.  

കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ഉള്ളവർക്ക് പുറമേ കുടക് ജില്ലയിൽ ഉള്ളവരും ഹജ്ജ് യാത്രക്കായി കണ്ണൂർ വിമാനത്താവളത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതിനാൽ തലശ്ശേരി- വളവുപാറ കെഎസ്ടിപി റോഡിൽ ആവശ്യമായ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കണം. വേൾഡ് വിഷൻ ന്യൂസ്.
 കളറോട് മുതൽ ഇരിട്ടി വരെയുള്ള കെഎസ്ഇബി റോഡിലെ ഓവുചാലുകൾ മഴയ്ക്കു മുൻപ് വൃത്തിയാക്കണമെന്നും റോഡിന് ഇരുവശത്തെയും കാടുകൾ വെട്ടിത്തെളിക്കണമെന്നും ഇരട്ടി നഗരസഭാ ചെയർപേഴ്സൺ കെ .ശ്രീലത ആവശ്യപ്പെട്ടു. 

ഇരട്ടി ടൗണിൽ അനധികൃത പാർക്കിങ്ങിനെതിരെ നടപടി വേണമെന്നും രാവിലെ നഗരത്തിൽ കൊണ്ടിട്ട് രാത്രി തിരികെ എത്തി മാത്രം വണ്ടി എടുക്കുകയും ചെയ്യുന്ന നിയമവിരുദ്ധ പാർക്കിംഗ് കാരെ നിയന്ത്രിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും ഇബ്രാഹിം മുണ്ടേരി  ആവശ്യപ്പെട്ടു. 

ഇരട്ടി എംജി കോളേജ് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള സംഘർഷം ഇല്ലാതാക്കുന്നതിനായി ഒരു ഹോം ഗാർഡിനെയെങ്കിലും ചുമതലയിൽ ഇടണമെന്ന് എൻസിപി പ്രതിനിധി കെ. പി. ഷാജി ആവശ്യപ്പെട്ടു. 

 ആറളം ഫാമിലെ തൊഴിലാളികൾക്ക് ആറുമാസമായി മുടക്കുന്ന ശമ്പളം നൽകുവാനുള്ള നടപടി ഉണ്ടാകണമെന്നും സിപിഐ അംഗം പായം ബാബുരാജ് ആവശ്യപ്പെട്ടു. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും താൽക്കാലിക സഹായം അനുവദിക്കുവാൻ സർക്കാർ ഉറപ്പ് നൽകിയതായി എംഎൽഎ പറഞ്ഞു. 

പേരാവൂർ മുതൽ പാൽ ചുരം വരെ റോഡിന് ഇരുവശങ്ങളിലേയും കാടുകൾ കൊട്ടിയൂർ ഉത്സവത്തിന് മുൻപായി വെട്ടിത്തെളിക്കണമെന്ന് കോൺഗ്രസ് അംഗം പി .സി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. 

 എംഎൽഎ ഓഫീസിന് മുന്നിലെ സമരം എന്തിനുവേണ്ടി -
സണ്ണി ജോസഫ് എംഎൽഎയുടെ ഓഫീസിനു മുന്നിൽ രണ്ടുമാസമായി വയോധികൻ നടത്തിവരുന്ന സമരം എന്തിനുവേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് താലൂക്ക് സഭയിൽ വിവിധ നേതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എംഎൽഎ പരാതി നൽകിയിട്ടുണ്ടെന്ന് യോഗത്തിൽ പറഞ്ഞു. 

കോടതി മുഖാന്തരം ഒത്തുതീർന്ന പ്രശ്നമാണ് ഇത്. ഇക്കാര്യത്തിൽ എന്തിനാണ് എംഎൽഎയുടെ പേര് വലിച്ചിഴക്കുന്നത് എന്ന് അറിയില്ല. നേരത്തെ മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും നൽകിയ പരാതിയിൽ അന്വേഷണം നടത്തിയതാണ്. കോടതി മുഖാന്തരം തീർപ്പായ കേസാണ് എന്ന മറുപടിയാണ് പോലീസ് കൈമാറിയത്. എന്നിട്ടും 89 ദിവസമായി തന്നെ അവഹേളിക്കുന്നതിനായി നടത്തുന്ന സമരത്തിൻറെ വസ്തുത എല്ലാവരും തിരിച്ചറിയണമെന്ന് എംഎൽഎ യോഗത്തിൽ പറഞ്ഞു. 

യോഗത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പൂടാകം,  തഹസിൽദാർ  സി. വി. പ്രകാശൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി. കെ. ജനാർദ്ദനൻ, തോമസ് തയ്യിൽ, മാത്തുക്കുട്ടി പന്തപ്ളാക്കൽ, കെ. മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.




0/Post a Comment/Comments