കാട്ടാന ആക്രമണത്തിൽ യുവാവിൻ്റെ മരണം;ഭയപ്പാടോടെ പ്രദേശവാസികൾ

ചെറുപുഴ : കേരള-കർണാടക വനാതിർത്തിയിലെ താമസക്കാരുടെ പേടിസ്വപ്നമാണ് വന്യമൃഗങ്ങൾ. കർണാടയിലെ തലക്കാവേരി വന്യജീവിസങ്കേതത്തിൽപ്പെട്ട വനത്തിൽനിന്നാണ് വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും എത്തുന്നത്. സംസ്ഥാന അതിർത്തിയിലുള്ള കാര്യങ്കോട് പുഴയുടെ മറുഭാഗം നിബിഡ വനമാണ്. പുഴകഴിഞ്ഞും കേരളത്തിന് പല ഭാഗത്തും സ്ഥലവും ഇവിടെ താമസക്കാരുമുണ്ട്. കോഴിച്ചാൽ ഐ.എച്ച്.ഡി.പി. കോളനിയും രാജഗിരി ഇടക്കോളനിയും പുഴയ്ക്കക്കരെ കർണാടകവനത്തോട് ചേർന്നാണുള്ളത്. ഇടക്കോളനിയിലേക്കുള്ള റോഡിലാണ് എബിനെ ഒറ്റയാൻ ആക്രമിച്ചത്.ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവ് മുതൽ കാനംവയൽ വരെ 14 കിലോമീറ്റർ ദൂരത്തിൽ സോളാർ വൈദ്യുതവേലിയുണ്ട്. നിരന്തരമായ ആവശ്യത്തിനൊടുവിൽ 2013-ൽ സ്ഥാപിച്ചതാണിത്. അറ്റകുറ്റപ്പണിയുമില്ലാതെ പലഭാഗത്തും വൈദ്യുതവേലി നശിച്ചിട്ടുണ്ട്. ഇടക്കോളനിക്കും കോഴിച്ചാൽ ഐ.എച്ച്.ഡി.പി. കോളനിക്കും ഇടയിൽ 200 മീറ്ററോളം ദൂരം വൈദ്യുതവേലി മരംവീണ് നശിച്ചിട്ടുണ്ട്. ഈ ഭാഗത്തുകൂടിയാണ് ഒറ്റയാൻ വന്നതും എബിനെ ആക്രമിച്ചതും. വൈദ്യുതവേലി സ്ഥാപിച്ച് 10 വർഷത്തിനുശേഷം കഴിഞ്ഞ വർഷമാണ് ആദ്യമായി കാട്ടാനകൾ പുഴ കടന്ന് ജനവാസകേന്ദ്രങ്ങളിൽ എത്തിയത്. 2022 മേയ്-ജൂൺ മാസങ്ങളിലായി പത്തിലേറെ തവണയാണ് കാട്ടാനകൾ ഒറ്റയ്ക്കും കൂട്ടായും രാജഗിരി, കോഴിച്ചാൽ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെത്തിയത്. മേയ് 26, 27, ജൂൺ ഒന്ന് തീയതികളിൽ കാട്ടാനക്കൂട്ടം തച്ചിലേടത്ത് ഡാർവിന്റെ വീടിന് സമീപമെത്തി വൻതോതിൽ കൃഷി നശിപ്പിച്ചിരുന്നു. അതേ സ്ഥലത്തുവെച്ചാണ് ഇപ്പോൾ ഒറ്റയാൻ എബിനെ ആക്രമിച്ച് കൊന്നത്. കൃഷി നശിക്കുമ്പോൾ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും സന്ദർശിച്ച്‌ വാഗ്ദാനങ്ങൾ ചെയ്തതല്ലാതെ വൈദ്യുതവേലി പുനഃസ്ഥാപിച്ചില്ല. അധികൃതരുടെ അനാസ്ഥയാണ് ഇപ്പോൾ ഒരു ജീവൻ നഷ്ടമാകാൻ കാരണം.

0/Post a Comment/Comments