വേനൽ മഴയിലും കാറ്റിലും നടുവനാട് നിടിയാഞ്ഞിരത്ത് പത്ത് വീടുകൾ ഭാഗികമായി തകർന്നു; വൻ കൃഷി നാശം

ഇരിട്ടി: വേനൽ മഴയോടപ്പുണ്ടായ ശക്തമായ കാറ്റിൽ നടുവനാട് നിടിയാഞ്ഞിരം മേഖലയിൽ വ്യാപക നാശനഷ്ടം. പ്രദേശത്തെ പത്തോളം വീടുകൾ ഭാഗികമായി നശിച്ചു . നിരവധി പേർക്ക് കൃഷി നാശവും ഉണ്ടായി. ബുധനാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയുണ്ടായ ശക്തമായ  കാറ്റിലാണ് നാശം ഉണ്ടായത്. നടുവനാട്, നിടിയാഞ്ഞിരം -  തലച്ചങ്ങാട് റോഡിലെ ട്രാൻസ്‌ഫോമർ പൂർണ്ണമായും തകർന്നു . മേഖലയിലെ വൈദ്യുതി ബന്ധവും താറുമാറായി. നിടിയാഞ്ഞിരത്തെ പി.വി.വിജയന്റെ വീടിന്റെ ഒന്നാം നില കൂറ്റൻ മരം വീണ് ഭാഗികമായി തകർന്നു. കെ.സുകേഷിന്റെ വീടിന്റെ മുകൾഭാഗത്തെ ഷീറ്റ് കാറ്റിൽ പറന്നു പോയി. പി.പി.ഹസ്സൻകുട്ടിയുടെ വിടിന്റെ അടുക്കള ഭാഗവും മേൽക്കൂരയും മരം വീണ് തകർന്നു. ശ്രീദേവി കാവാളൻ, കെ.കെ. ബഷീർ, എം. ബൈജു, ബാബു കുറമത്തി, ജയരാജൻ, പി.വി. അലി, കെ.പി. രാഘവൻ എന്നിവരുടെ വീടുകളും മരം വീണ് ഭാഗികമായി നശിച്ചു. നിടിയാഞ്ഞിരത്തെ സി. രമേശന്റെ കോഴിഫാമും കാറ്റിൽ തകർന്നു.വീടിനു മുകളിൽ വീണ മരങ്ങൾ വൈകുന്നേരത്തോടെ കെ.വി. പ്രസാദിന്റെയും വിപിൻ രാജിന്റെയും നേതൃത്വത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകരും  നാട്ടുകാരും ചേർന്ന് മുറിച്ചു മാറ്റി. നാശം നേരിട്ട വീടുകൾ ഇരിട്ടി നഗരസഭാ അധ്യക്ഷ കെ. ശ്രീലത, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. രവീന്ദ്രൻ, കെ. സുരേഷ്, മട്ടന്നൂർ നഗരസഭ കൗൺസിലർ കെ.അനിത എന്നിവർ സന്ദർശിച്ചു.

0/Post a Comment/Comments