ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര: പിഴ ഒഴിവാക്കും


തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികളെയും കൊണ്ടു പോകുന്നത് എ.ഐ ക്യാമറ കണ്ടെത്തിയാലും പിഴ ഈടാക്കില്ലെന്ന് സൂചന.

ഇത്തരം യാത്രയ്ക്ക് ഇപ്പോള്‍ പിഴ ഈടാക്കുന്നില്ല. ആ നിലപാട് തുടരാനാണ് ഗതാഗതവകുപ്പില്‍ ധാരണയായതെന്ന് അറിയുന്നു. പക്ഷേ, പ്രഖ്യാപിക്കാന്‍ നിയമം അനുവദിക്കുന്നില്ല.

പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതൊഴിവാക്കാനാകും. കുട്ടികള്‍ക്ക് പിഴ ചുമത്തി പഴി കേള്‍ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇളവ് അനുവദിക്കാന്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. നിയമത്തിന് എതിരായതിനാല്‍ അനുമതി കിട്ടാന്‍ സാധ്യതയില്ല. മറ്റ് സംസ്ഥാനങ്ങളിലും കുട്ടികളെ കൊണ്ടു പോകുന്നതിന് പിഴ ഈടാക്കാറില്ല. 

ജൂണ്‍ അഞ്ചു മുതല്‍ എ.ഐ ക്യാമറ വഴി ഗതാഗത നിയമലംഘനങ്ങള്‍ പിടി കൂടുന്നതിന് മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പിന്റെ ഉന്നതലയോഗം 24 ന് ചേരും. ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണുമായി ഇനിയും കരാര്‍ ഒപ്പിടേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

0/Post a Comment/Comments