അദാലത്ത് തുണയായി; കാർത്തിക്കിന്റെ വീട്ടിൽ ഇനി വാഹനമെത്തും


കടമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ കാർത്തിക്കിന് ഇനി വീടിന്റെ മുന്നിൽ വാഹനമെത്തും. കണ്ണൂർ താലൂക്ക് തല പരാതി പരിഹാര അദാലത്തിലാണ് കാർത്തികിന്റെ പരാതിക്ക് പരിഹാരമായത്. 

സെറിബ്രൽ പാൾസി മൂലം ഏറെ കഷ്ടതയാണ്   ഈ പതിനൊന്നുകാരൻ അനുഭവിക്കുന്നത് . മഴ പെയ്താൽ വെള്ളം കയറുന്ന ചെറിയ ഒരു വഴിയായിരുന്നു കാർത്തിക്കിന്റെ വീട്ടിലേക്കുള്ള ആശ്രയം. ആഡൂർ എൽ പി സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിയാണ് കാർത്തിക്. വീട്ടിലേക്ക് വാഹനങ്ങൾക്ക് വരാനുള്ള പ്രയാസം കാരണം സ്കൂളിലേക്കും, ആശുപത്രിയിലേക്കുമുള്ള യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ഈ കാര്യം കേട്ട് ബോധ്യപ്പെട്ടതോടെയാണ് മന്ത്രി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട്ടിലേക്കുള്ള വഴി സഞ്ചാര യോഗ്യമാക്കാൻ ഉത്തരവിട്ടത്. 

വിനോദ്‌ നിവാസിലെ ടി അരുണിന്റെയും കെ സിന്ധുവിന്റെയും ഏക മകനാണ് കാർത്തിക്.  താഴെ ചൊവ്വ സ്പിന്നിങ് മില്ലിലെ താൽകാലിക ജീവനക്കാരനാണ് കാർത്തിക്കിന്റെ അച്ഛൻ അരുൺ. മകന്റെ അസുഖം കാരണം കൃത്യമായി ജോലിക്ക് പോകാനും കഴിയുന്നില്ല. എന്നാൽ യാത്രാ ക്ലേശത്തിന് പരിഹാരം കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് കാർത്തികിന്റെ അച്ഛൻ പറഞ്ഞു.




0/Post a Comment/Comments