കിളിയന്തറയിലെ എക്സൈസ് ചെക്ക് പോസ്റ്റ് കൂട്ടുപുഴയിലേക്ക്

  
ഇരിട്ടി: മുപ്പത്തി ഒൻപത്  വർഷത്തോളമായി കേരളാ - കർണ്ണാടകാ അതിർത്തിയിൽ നിന്നും മൂന്ന്  കിലോമീറ്റർ മാറി കിളിയന്തറയിൽ പ്രവർത്തിച്ചു വരുന്ന എക്സൈസ് ചെക്ക് പോസ്റ്റ് തിങ്കളാഴ്ച മുതൽ കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പ്രവർത്തനമാരംഭിക്കും. പാലത്തിന് സമീപം പൊതുമരാമത്ത് വകുപ്പ് അനുവദിച്ച സ്ഥലത്താണ് 21 ലക്ഷം രൂപ ചിലവിൽ കണ്ടെയ്‌നർ ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. 40 അടി നീളത്തിൽ 10 അടി വീതിയിൽ സ്ഥാപിച്ച ഓഫീസിനകത്ത് സി ഐ , എസ് ഐ എന്നിവർക്കുള്ള മുറികളും ഓഫീസും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 
കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ലഹരി ഉത്പന്നങ്ങൾ കടത്തി കൊണ്ട് വരുന്നത് തലശ്ശേരി - മൈസൂർ അന്തർ സംസ്ഥാന  പാതയിലെ മാക്കൂട്ടം ചുരം വഴിയാണ്. ഇതിൽ കൂട്ടുപുഴയാണ് ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി പങ്കിടുന്ന സ്ഥലമെങ്കിലും ഇവിടെ ചെക്ക് പോസ്റ്റ് വേണ്ടിടത്തുനിന്നും മൂന്ന് കിലോമീറ്റർ മാറിയായിരുന്നു കിളിയന്തറ ചെക്ക് പോസ്റ്റ് സ്ഥിതിചെയ്തിരുന്നത്.  മുൻപ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്ന കാലത്ത്  മലയോരമേഖലയിലെ ജനവാസം കുറഞ്ഞ ഏറെയൊന്നും  വികസന മില്ലാത്ത പ്രദേശങ്ങളായിരുന്നു ഇവിടം. എന്നാൽ കൂട്ടുപുഴയും ഇതിനോട് ചേർന്ന പ്രദേശങ്ങളും വികസിക്കുകയും കച്ചേരിക്കടവ് പലമടക്കം വഴികളും  നിരവധി റോഡുകളും മറ്റും വരികയും ചെയ്തതോടെ കർണ്ണാടകയിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന ലഹരി ഉത്പന്നങ്ങൾ കിളിയന്തറ ചെക്ക് പോസ്റ്റിൽ എത്തുന്നതിന് മുന്നേ പല വഴികളിലൂടെ ജില്ലയുടെ വിവിധ മേഖലകളിൽ എത്തിക്കാൻ ഇന്ന് കഴിയും. ഇതാണ് കിളിയന്തറയിലെ ചെക്ക് പോസ്റ്റ് മാറ്റി അതിർത്തിയിൽ തന്നെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകാൻ ഇടയാക്കിയത്. 
കൂട്ടുപുഴയിൽ ചെക്ക് പോസ്റ്റ് അനുവദിക്കുകയും ഒരു മാസം മുൻപ് ഇതിന്റെ പ്രവർത്തി പൂർത്തിയാവുകയും ചെയ്‌തെങ്കിലും വൈദ്യുതി , വാട്ടർ കണക്ഷനുകൾ കിട്ടാൻ വൈകിയതാണ് ഇതിന്റെ പ്രവർത്തനം തുടങ്ങാൻ താമസം വന്നത്. ഇതിനു സമീപം തന്നെയാണ്  അടുത്തിടെ സ്ഥാപിച്ച ആർ ടി ചെക്ക്പോസ്റ്റും പ്രവർത്തിച്ചു വരുന്നത്. ഇപ്പോൾ ഇതിനു സമീപത്തു പ്രവർത്തിച്ചു വരുന്ന പോലീസ് എയ്ഡ് പോസ്റ്റ് മാറ്റി കൂടുതൽ സൗകര്യ പ്രദമായ കെട്ടിടം ഒരുക്കണമെന്ന് ആവശ്യവും ശക്തമാണ്. ഇതിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12 മണിക്ക് എക്സൈസ് ജോയിന്റ് കമ്മീഷണർ പുതിയ എക്സൈസ് ചെക്ക്‌പോസ്റ്റിന്റെ  ഉദ്‌ഘാടനം നിർവഹിക്കും.

0/Post a Comment/Comments