തിരുവനന്തപുരം: മാർക്ക് നൽകിക്കൊണ്ട് ‘വായന’യെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇരുപത്തിയേഴാമത് പി എൻ പണിക്കർ ദേശീയ വായനദിന -മാസാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക ആയിരുന്നു മന്ത്രി. വായനയുമായി ബന്ധപ്പെട്ട വൈവിദ്ധ്യമാർന്ന പ്രോജക്ടുകൾ പഠന പ്രക്രിയയുടെ ഭാഗമാക്കും. ഈ പ്രോജക്ടുകൾ മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് മാർക്ക് നൽകുന്ന തരത്തിൽ ഈ പദ്ധതി ആസൂത്രണം ചെയ്യാൻ ആണ് ആലോചിക്കുന്നത്.
വായനയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന സമൂഹമാണ് നമ്മുടേത്. ഗ്രന്ഥശാല പ്രസ്ഥാനവും വായനശാലകളും നമ്മുടെ സമൂഹത്തിലെ വിളക്കുകൾ ആണ്. ഓരോ വായനശാലയും ഓരോ പ്രദേശത്തിന്റെ പ്രകാശവും പ്രതീക്ഷയുമാണ്. ഇന്റർനെറ്റ് കാലത്ത് വായനക്കും ആധുനിക കാല സ്വഭാവം കൈവന്നു. ഇന്ന് മാഗസിനുകളും മറ്റും പിഡിഎഫ് ഫോർമാറ്റുകളിലും ലഭ്യമാണ്. ഇ – വായന ആയാലും വായിക്കുക എന്നത് ശീലമാക്കണം, പ്രത്യേകിച്ച് കുട്ടികൾ. 10 കോടി രൂപയുടെ പുസ്തകങ്ങൾ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ എത്തിച്ചത്. വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ സ്കൂളുകൾ മുൻകൈയെടുത്ത് പ്രത്യേക ക്യാമ്പയിനുകൾ നടത്തേണ്ടതുണ്ട് . ഈ അധ്യയന വർഷം തന്നെ ഈ ക്യാമ്പയിൻ ഏറ്റെടുത്തിട്ടുണ്ട് . വായന പ്രോത്സാഹിപ്പിക്കുന്നതിനായി സാധ്യമായ എല്ലാ പ്രവർത്തനങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Post a Comment