നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു.


ഇരിട്ടി: കുയിലൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് പശ്ചിമ മബംഗാൾ സ്വദേശിയായ തൊഴിലാളി മരിച്ചു.  ജെൽപായ്ഗുരി പ്രമോദ് നഗർ സ്വദേശി ചിരൻജിത്ത് ബർമ്മൻ (30) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 11മണിയോടെയാണ് അപകടം. കുയിലൂരിലെ കാളാംവളപ്പിൽ വിജിലിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ  സൺഷൈഡിന്റെ കോൺക്രീറ്റ് കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ മറ്റ് തൊഴിലാളികൾക്കൊപ്പം സൺഷെയ്ഡ് വാർപ്പിനെ താങ്ങി നിർത്തിയ തൂൺ മാറ്റുന്നതിനിടയിൽ മൂന്ന് മീറ്ററോളം വരുന്ന കുറ്റൻ കോൺക്രീറ്റ് സ്ലാബ് ചിരൻജിത്തിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. സ്ലാബിനടിയിൽപ്പെട്ട ഇയാളെ രക്ഷപ്പെടുത്താൻ സഹ തൊഴിലാളികളും ഓടിക്കൂടിയ നാട്ടുകാരും ശ്രമിച്ചെങ്കിലും നടന്നില്ല. ഇരിട്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തി സ്ലാബ് നീക്കിയശേഷമാണ് പുറത്തെടുത്തത്. അപ്പോഴെക്കും മരിച്ചിരുന്നതായി നാട്ടുർ പറഞ്ഞു.

0/Post a Comment/Comments