സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായി ഇന്ന് തിരുവോണം


ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന തിരുവോണം മലയാളിയ്‌ക്ക് എന്നും ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്.

മാലോകരെല്ലാം സമന്മാരായിരുന്ന മഹാബലിയുടെ സുവര്‍ണ്ണ കാലത്തെ ഹൃദയത്തോട് ചേര്‍ത്താണ് ഓരോ മലയാളിയും പൊന്നിൻ തിരുവോണത്തെ വരവേല്‍ക്കുന്നത്. കള്ളവും ചതിയുമില്ലാതെ ഒരു കാലത്തിന്റെ ഓര്‍മ പുതുക്കുന്ന ദിനം കൂടിയാണ് തിരുവോണം. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്, കുടുംബാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്‍റെ നിറസ്മരണകളും സന്തോഷവും പങ്കുവെയ്‌ക്കും.

പാടത്തും പറമ്ബിലും സ്വര്‍ണ്ണം വിളയിക്കുന്ന കര്‍ഷകര്‍ക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. കൃഷിയും കാര്‍ഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറവില്ല. ലോകത്തിന്‍റെ ഏതറ്റത്തുമുള്ള മലയാളിയ്‌ക്കും ഓണം എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മ തന്നെയാണ്. അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ്‌ തിരുവോണനാളായ ഇന്ന്‌ പൂര്‍ണതയിലെത്തുന്നത്‌.

*തിരുവോണനാളിലെ ചടങ്ങുകള്‍*

തിരുവോണ ദിവസം രാവിലെ കുളിച്ചു ശുദ്ധിയായി കോടിവസ്‌ത്രമണിഞ്ഞ്,‌ പൂക്കളത്തില്‍ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ട് തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങള്‍ നിര്‍മിച്ച്‌ ഇലയില്‍ പ്രതിഷ്ഠിക്കും. തിരുവോണ നാളില്‍ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. കളിമണ്ണിലാണ്‌ രൂപങ്ങള്‍ ഉണ്ടാക്കുന്നത്. 
രണ്ടുദിവസം ഇവ വെയിലത്ത് ഉണക്കിയെടുക്കും.

 വിഗ്രഹങ്ങള്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശര്‍ക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. മറ്റു പൂജകള്‍ പോലെതന്നെ തൂശനിലയില്‍ ദര്‍ഭപുല്ല് വിരിച്ച്‌ തൃക്കാക്കരയപ്പനെ സങ്കല്പിച്ച്‌ ഇരുത്തുന്നു. ചതയം വരെ ദിവസത്തില്‍ മൂന്നു നേരവും പൂജയുണ്ടായിരിക്കും. കുടുംബത്തിലെ കാരണവരാണ് പൂജ നടത്തുന്നത്. ഓണം കാണാൻ എഴുന്നള്ളുന്ന തൃക്കാക്കരയപ്പനെ ആര്‍പ്പുവിളിച്ചും കുരവയിട്ടും ആണ് സ്വീകരിക്കുന്നത്. ചതയം കഴിഞ്ഞ് ഏതെങ്കിലും നല്ല ദിവസം നോക്കി പ്രതിഷ്ഠ ഇളക്കും.





0/Post a Comment/Comments