ഫീസ് വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഫീസ് അടയ്ക്കാൻ വൈകിയതിന് തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിന് നിര്‍ദേശം നല്‍കി. ഗൗരവമുള്ള സംഭവമെന്ന് വിലയിരുത്തിയാണ് നടപടി. 

ഏഴാം ക്ലാസുകാരനാണ് സ്കൂളിൽ നിന്ന് മോശം അനുഭവമുണ്ടായത്. സംഭവം വലിയ വാർത്തയായതോടെ സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാധിരാജ മാനേജ്മെന്റ് സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. 

ജനറൽ സയൻസ് പരീക്ഷ എഴുതുന്നതിനിടെ പരീക്ഷാ ഹോളിലേക്ക് കടന്നുവന്ന പ്രിൻപ്പൽ ജയരാജ് ആർ സ്കൂൾ മാസ ഫീസ് അടയ്ക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞു. തുടർന്ന് തറയിൽ ഇരുത്തി പരീക്ഷ എഴുതിക്കുകയായിരുന്നു. കാര്യം തിരക്കാനായി വിളിച്ച കുട്ടിയുടെ അച്ഛനോട് നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയതെന്നായിരുന്നു പ്രിൻസിപ്പലിന്റെ പരിഹാസ മറുപടി. കുടുംബം ഈ വിഷയം പുറത്ത് പറഞ്ഞതോടെ പ്രിൻസിപ്പലിനെ തള്ളി മാനേജ്മെന്റ് രംഗത്തെത്തുകയായിരുന്നു.




0/Post a Comment/Comments