നിരക്ക് വർധന, ലോ‍ഡ് ഷെഡിങ്; വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോ​ഗം


തിരുവനന്തപുരം: സംസ്ഥാനത്തെ വൈ​ദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നതതല യോ​ഗം. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നു കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു. നിരക്ക് വർധന, ലോഡ് ഷെഡിങ് വേണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകും. ഓണം, പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് എന്നിവ മുന്നിലുള്ളതിനാൽ കടുത്ത തീരുമാനങ്ങളുണ്ടായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. 

കടുത്ത നിയന്ത്രണങ്ങളും ചാർജ് വർധന അടക്കമുള്ള കാര്യങ്ങളും വേണ്ടി വരുമെന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതിസന്ധി സംബന്ധിച്ചു കെഎസ്ഇബി ചെയർമാൻ ഉന്നതതല യോ​ഗത്തിൽ ഇന്ന് നൽകുന്ന റിപ്പോർട്ടനുസരിച്ചായിരിക്കും തുടർ നടപടികൾ. 

ഈ മാസവും മഴ കാര്യമായി കനിഞ്ഞില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നായിരുന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയത്. പുറത്തു നിന്നു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി മുന്നോട്ടു പോകുന്നത്. പ്രതിദിനം പത്ത് കോടിയോളം രൂപയുടെ നഷ്ടം കെഎസ്ഇബിക്കുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

മഴ കുറഞ്ഞതും പുറത്തു നിന്നുള്ള മൂന്ന് കമ്പനികളിൽ നിന്നു വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദായതുമാണ് സംസ്ഥാനത്തിനു തിരിച്ചടിയായത്. നഷ്ടം നികത്താൻ സർ ചാർജും പരി​ഗണനയിലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഇന്നു ചേരുന്ന ഉന്നതതല യോ​ഗത്തിൽ നിർണായക ചർച്ചകളുണ്ടാകും.





0/Post a Comment/Comments