ഇടുക്കി വീണ്ടും വലിയ ജില്ല


ദേവികുളം താലൂക്കിലെ ഇടമലക്കുടി വില്ലേജിന്റെ ഭൂവിസ്തീർണം കൂട്ടി സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ ഇടുക്കി വീണ്ടും സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽപ്പെട്ട കുട്ടമ്പുഴ വില്ലേജിലെ 12,718.509 ഹെക്ടർ സ്ഥലമാണ് ഇടമലക്കുടി വില്ലേജിനോട് ചേർത്തത്. ഇതോടെ പാലക്കാടിനെ പിൻതള്ളിയാണ് ഇടുക്കി വീണ്ടും വലുപ്പത്തിൽ ഒന്നാമതെത്തി.

ഇടമലക്കുടിയിലെ ഗോത്രവർഗ വിഭാഗങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി നൽകുന്നതിനായാണ് വില്ലേജിന്റെ ഭൂവിസ്തീർണം കൂട്ടി കഴിഞ്ഞ അഞ്ചിന് സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഇതോടെ ഇടുക്കി ജില്ലയുടെ വിസ്തീർണം 4,48,504.64 ഹെക്ടറിൽ നിന്ന് 4,61,223.14 ഹെക്ടറായി കൂടി. എറണാകുളം ജില്ലയുടെ വിസ്തീർണം 3,05,149 ഹെക്ടറിൽ നിന്ന് 2,92,430.49 ഹെക്ടറായി കുറയുകയും ചെയ്തു. വലുപ്പത്തിൽ രണ്ടാമതുള്ള പാലക്കാടിന്റെ വിസ്തീർണം 4,48,200 ഹെക്ടറാണ്.

1997 വരെ ഇടുക്കി ആയിരുന്നു സംസ്ഥാനത്തെ വലിയ ജില്ല. കുട്ടമ്പുഴ പഞ്ചായത്തിലെ ദേവികുളം താലൂക്കിൽ നിന്ന് കോതമംഗലം താലൂക്കിന്റെ ഭാഗമാക്കിയതോടെ പാലക്കാട് ഒന്നാമത് എത്തുക ആയിരുന്നു. പുതിയ വിജ്ഞാപനത്തോടെ കുട്ടമ്പുഴ വില്ലേജിന്റെ വിസ്തീർണം 65,374.94 ഹെക്ടറിൽ നിന്ന് 52,656.43 ഹെക്ടർ ആയി കുറഞ്ഞു. ഇടമലക്കുടി വില്ലേജിന്റെ വിസ്തീർണം 9558.87 ഹെക്ടറിൽ നിന്ന് 22,277.38 ഹെക്ടറായി കൂടി.


0/Post a Comment/Comments