കണ്ണൂർ: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രാണിജന്യ ജന്തുജന്യ പകർച്ചവ്യാധി രോഗങ്ങളും എലിപ്പനിയും കൂടി വരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
*ഡെങ്കിപ്പനി:* ഡെങ്കിപ്പനി ബാധിച്ച് ഈ വർഷം നവംബർ 24 വരെ ജില്ലയിൽ നാല് മരണം ഉണ്ടായി. 260 സ്ഥിരീകരിക്കപ്പെട്ട കേസുകളും, 1155 സംശയാസ്പദ ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. ഡെങ്കിപ്പനിക്കെതിരെ മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. കൊതുകിന്റെ പ്രജനനം തടയുകയും കൊതുക് കടി ഏൽക്കാതിരിക്കുകയുമാണ് പ്രതിരോധ മാർഗം.
വീടിനുള്ളിലും പരിസരങ്ങളിലുമുള്ള കൊതുക് പ്രജനന ഉറവിടങ്ങൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്യുക. ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുക. സ്‌കൂളുകളിൽ വെള്ളിയാഴ്ചയും സ്ഥാപനങ്ങളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയുമാണ് ഡ്രൈ ഡേ ദിനങ്ങളായി ആചരിക്കേണ്ടത്.
ഡെങ്കിപ്പനി ബാധിതർ നിർബന്ധമായും കൊതുകു വല ഉപയോഗിക്കണം. പൂർണവിശ്രമം എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. സ്വയം ചികിത്സ പാടില്ല.
*എലിപ്പനി:*
എലിപ്പനി മൂലം ഈ വർഷം ഇതുവരെ ജില്ലയിൽ എട്ട് മരണങ്ങളുണ്ടായി. 55 സ്ഥിരീകരിക്കപ്പെട്ട കേസുകളും 76 സംശയാസ്പദമായ എലിപ്പനിയും റിപ്പോർട്ട് ചെയ്തു.
കരണ്ട് തിന്നുന്ന എലി, അണ്ണാൻ തുടങ്ങിയ ജീവികൾ, ഒട്ടകം, കന്നുകാലികൾ, മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയുടെ വിസർജ്യത്തിലൂടെ മലിനമായ വെള്ളം, മണ്ണ് എന്നിവയിലൂടെയാണ് രോഗം പകരുന്നത്.
പേശി വേദന, പനി, തലവേദന, കണ്ണിനു പുറകിൽ വേദന, ചുവപ്പ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗസംക്രമണ സാധ്യത കൂടുതലുള്ള ആളുകൾ ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളികകൾ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഡോക്ടറുടെ നിർദ്ദേശപ്രകാരം മുഴുവൻ ഡോസുകളും കഴിക്കണം. ചെളിയിലും പറമ്പിലും ജോലി ചെയ്യുന്നവർ കന്നുകാലികൾ, മറ്റ് വളർത്തു മൃഗങ്ങൾ എന്നിവയെ പരിചരിക്കുന്നവർ കൈയുറ, ഗംബുട്ട് എന്നിവ ധരിക്കണം.
രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം വൈദ്യസഹായം തേടുക. സ്വയം ചികിത്സ പാടില്ല.
Post a Comment