പൈപ്പ് ലൈൻ പ്രവർത്തി; പണമില്ലെന്ന് ജല അതോറിറ്റി, പേരാവൂർ മണ്ഡലത്തിലെ നാല് റോഡുകളുടെ നവീകരണം നിലച്ചു




ഇരിട്ടി: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടിൽ പ്രവൃത്തി ജലഅതോറിറ്റിക്ക് പണമില്ലെന്ന കാരണത്താൽ നിലച്ചു. ഇതോടെ പ്രതിസന്ധിയിലായത് പൊതുമാരാമത്ത് വകുപ്പ്. മഴയ്ക്ക് മുൻമ്പ് പൂർത്തിയാക്കേണ്ട പേരാവൂർ നിയോജകമണ്ഡലത്തിലെ നാല് പ്രധാന റോഡുകളുടെ നവീകരണ പ്രവ്യത്തി ഇതുമൂലം പൊതുമരാമത്ത് വകുപ്പിന് ഏറ്റെടുക്കാൻ കഴിയാതായി.
മലയോര ഹൈവേയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വള്ളിത്തോട് മുതൽ മണത്തണ വരെ 25.3 കിലോമീറ്റർ ദൂരം പ്രവർത്തി നടന്നു വരികയാണ്. 53 കോടി രൂപ ചെലവിൽ നടത്തുന്ന നവീകരണപ്രവർത്തിയാണ് ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി പൈപ്പിടിൽ സമയബന്ധിതമായി നടപ്പാക്കത്തതിനെ തുടർന്ന് തടസ്സപ്പെട്ടിരിക്കുന്നത്. കാലവർഷം തുടങ്ങുന്നതിന് മുൻപ് റോഡ് പ്രവർത്തി പൂർത്തീകരിക്കാനാകാത്ത സാഹചര്യമാണ് ഇതുമൂലം സംജാതമായിരിക്കുന്നത്.
ഇത് കൂടാതെ വിളക്കോട് - അയ്യപ്പൻ കാവ് (3 കോടി രൂപ), എടത്തൊട്ടി- പെരുമ്പുന്ന (3.85 കോടി രൂപ), കരിക്കോട്ടക്കരി - ഈന്തുംകരി (75 ലക്ഷം രൂപ) എന്നീ റോഡുകളുടെ നവീകരണ പ്രവൃത്തിയും ആരംഭിക്കാനായിട്ടില്ല. സണ്ണി ജോസഫ് എം എൽ എ വിളിച്ച പേരാവൂർ നിയോജക മണ്ഡലതല മരാമത്ത്, കെ എസ് ടി പി , കെ ആർ എഫ് ബി അവലോകന യോഗത്തിലാണ് ജലഅതോരിറ്റി പണമില്ലാഞ്ഞതിന്റെ നിസഹായത തുറന്നുപറഞ്ഞത്. ജല അതോറിറ്റി പൈപ്പിടൽ എപ്പോൾ നടക്കുമെന്ന് എം എൽ എ ചോദിച്ചപ്പോഴും വ്യക്തമായ മറുപടി ഉദ്യോഗസ്ഥർക്ക് നൽകാനായില്ല.
ഇതോടൊപ്പം മലയോര ഹൈവേയിൽ വള്ളിത്തോട് ആനപ്പന്തി പാലം മുതൽ കരിക്കോട്ടക്കരി, എടൂർ ആറളം പാലം വരെയുള്ള 16.3 കിലോമീറ്റർ ദൂരം റോഡ് യാത്ര മഴക്കാലത്ത് പ്രശ്നമാകുമെന്ന ആശങ്കയും യോഗത്തിൽ ഉയർന്നു. നിലവിലുള്ള റോഡ് ഒമ്പത് മീറ്ററാക്കി ടാറിങ് വീതി വർധിപ്പിക്കൽ, ഇരു വശത്തും കാൽനട വഴി, അപകട സ്ഥലങ്ങളിൽ പാർശ്വഭിത്തി നിർമാണം, വെമ്പുവ, ആനപ്പന്തി, ചേംതോട് പാലങ്ങളുടെ പുനർനിർമാണം എന്നിവ ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തിയാണ് കെ ആർ എഫ് ബിയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഇതിനായി അരികു ഭാഗവും നിലവിലുള്ള റോഡും ചില സ്ഥലങ്ങളിലായി വെട്ടിപ്പൊളിച്ചിട്ട നിലയിലാണ്. ഓവുചാൽ പണി തുടങ്ങിയെങ്കിലും പൂർത്തീകരിച്ചിട്ടില്ല. റോഡിനു ഇരുവശവും ഉള്ള വീടുകളിലേക്ക് നിലവിൽ ഉണ്ടായിരുന്ന നടപ്പാത പോലും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വെമ്പുഴച്ചാൽ, ആനപ്പന്തി, ചേംതോട് പാലങ്ങളിൽ എടൂരും വെമ്പുഴച്ചാലും പണി തുടങ്ങിയെങ്കിലും വാർപ്പ് ഘട്ടം വരെ എത്തിയിട്ടില്ല. മഴയ്ക്കു മുൻപ് തീരില്ലെന്നു ഉറപ്പായതിനാൽ ആനപ്പന്തി പാലം പൊളിക്കാൻ നാട്ടുകാർ സമ്മതിച്ചിരുന്നില്ല.
വർഷങ്ങളായി നവീകരണ പ്രവർത്തി നടത്താതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഇരിട്ടി - പേരാവൂർ നെടുംപൊയിൽ റോഡിന്റെ റീടാറിങ്ങിനായി അനുവദിച്ച അഞ്ചു കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതികാനുമതിയ്ക്കായി സമർപ്പിച്ചു. കൊട്ടിയൂർ, കേളകം, കണിച്ചാൽ കുടിവെള്ള പദ്ധതിക്ക് മതിയായ വെള്ളം ഉറപ്പ് വരുത്തുന്നതിനായി തടയണ നിർമിക്കാൻ ശുപാർശ നൽകും. കണിച്ചാറിൽ പദ്ധതിയിൽ നിന്നു ഉടൻ ജലവിതരണം ആരംഭിക്കും. താലൂക്ക് ആസ്ഥാനത്തേക്കു എത്തുന്ന മാടത്തിൽ -കീഴ്പ്പള്ളി - ആറളം ഫാം -പാലപ്പുഴ -കാക്കയങ്ങാട്, ഇരിട്ടി - ഉളിക്കൽ, മാട്ടറ - കാലാങ്കി എന്നീ പ്രധാന പാതകളുടെ പുനർനിർമാണത്തിനു ഫണ്ട് ലഭ്യമാക്കാൻ ശ്രമം തുടരും. 10 വർഷത്തിലധികമായി നവീകരണം നടത്താത്ത ഈ റോഡുകൾ പ്രാധാന്യം കണക്കിലെടുത്ത് വീതി കൂട്ടി നവീകരിക്കണമെന്ന ആവശ്യം തുടർച്ചയായി അവഗണിക്കപ്പെടുന്നതും ചർച്ചയായി.
എടൂർ - വാണിയപ്പാറ- ചരൾ - കച്ചേരിക്കടവ് പാലത്തിൻ കടവ് റീബിൽഡ് കേരള റോഡ് പണി ജൂൺ ആദ്യ വാരം പൂർത്തിയാക്കും. റോഡ് ഉപരിതല പ്രവൃത്തികൾ പൂർത്തിയായി. മീൻകുണ്ടിലെ ഗ്യാബിയോൺ വാൾ, സ്വകാര്യ സ്ഥലങ്ങളുടെ സംരക്ഷണ ഭിത്തി, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ എന്നിവയാണു പൂർത്തീകരിക്കാനുള്ളത്. 19 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ് പണിയുന്നത്. 6 എണ്ണം പൂർത്തിയായി. 4 എണ്ണത്തിനു സ്ഥലം അടയാളപ്പെടുത്തി. അവശേഷിച്ച 9 എണ്ണത്തിനു സ്ഥലം കണ്ടെത്താൻ അയ്യൻകുന്നിൽ ജനപ്രതിനിധികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു. അയ്യൻകുന്ന്, ആറളം പഞ്ചായത്ത് ജൽ ജീവൻ മിഷൻ പദ്ധതി പൈപ്പിടൽ ഉടൻ പൂർത്തിയാക്കണമെന്നും ജനജീവിതം ദുരിതമാക്കാതെ നടപടികൾ സ്വീകരിക്കണമെന്നും എം എൽ എ നിർദേശിച്ചു. പൈപ്പിടിൽ പൂർത്തിയാക്കിയാൽ വള്ളിത്തോട് ആറളം പാലം റീച്ചിൽ മലയോര ഹൈവേ റൂട്ടിൽ മഴയ്ക്ക് മുൻപ് റോഡ് അരികുകൾ വെറ്റ് മിക്‌സ് മെക്കാഡം നടത്തി ഗതാഗത യോഗ്യമാക്കി തരുമെന്ന് കെആർഎഫ്ബി എൻജിനീയർ പി.സജിത്ത് അറിയിച്ചു. യോഗത്തിൽ എം എൽ എ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ (മരാമത്ത് കെട്ടിട നിർമാണ വിഭാഗം), അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ ഷീല ചോറൻ (റോഡ്‌സ്), കെ.ആശിഷ് കുമാർ (കെ എസ് ടി പി) എന്നിവർ പങ്കെടുത്തു

0/Post a Comment/Comments