മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. വകുപ്പിന് കീഴിലെ ഐഎഎസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയര്‍മാരും അടങ്ങുന്ന സംഘം ഓരോ ജില്ലകളിലും പൊതുമരാമത്ത് റോഡുകളില്‍ എത്തി പ്രവൃത്തി പുരോഗതി പരിശോധിക്കും. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം നിലവിലുള്ള പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കുമാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. പ്രീ മണ്‍സൂണ്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. നിലവില്‍ പ്രവൃത്തികള്‍ ഉള്ള റോഡുകളില്‍, ആ കരാറുകാര്‍ തന്നെ കുഴിയടച്ച് അപകടരഹിതമായ ഗതാഗതം ഉറപ്പാക്കണം. കെആര്‍ എഫ്ബി, കെഎസ്ടിപി, എന്നീ വിഭാഗങ്ങളുടെ പരിപാലനത്തില്‍ ഉള്ള റോഡുകളില്‍ കുഴികള്‍ ഇല്ലാത്ത വിധം സംരക്ഷിക്കാന്‍ അതാത് വിംഗുകള്‍ ശ്രദ്ധ ചെലുത്തണം.

ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ മേഖലകളില്‍ അടക്കം സീബ്ര ലൈന്‍ തെളിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെ മറ്റ് വകുപ്പുകള്‍ക്ക് പ്രവൃത്തിക്കായി കൈമാറിയ റോഡുകളിലും മഴക്കു മുമ്പെ കുഴികള്‍ അടക്കുന്നത് ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്കി. വകുപ്പ് സെക്രട്ടറി കെ ബിജു ഉള്‍പ്പെടെ ഉള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.


0/Post a Comment/Comments