ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം;കണ്ണൂരിലെ കേരള ദിനേഷ് ഐടി സിസ്റ്റമാണ് നിരീക്ഷണ സംവിധാനം തയ്യാറാക്കിയത്.




പാലക്കാട്:  ജനവാസമേഖലയിലിറങ്ങുന്ന വന്യമൃ​ഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് എഐ കാമറകൾ വരുന്നു. ഡിജിറ്റൽ അക്വാസ്റ്റിക് സെൻസിങ് (ഡിഎഎസ്) എന്ന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്‍റെ ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാ​ഗത്ത് വനമേഖലയിൽ സ്ഥാപിച്ചു.


ഭൂമിക്കടിയിൽ ഒരു മീറ്റർ ആഴത്തിൽ കുഴിച്ചിട്ട ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി കൺട്രോൾ സ്റ്റേഷനിൽ വിവരം കിട്ടുന്നവിധത്തിലാണ് സംവിധാനം. കൂടാതെ രാത്രിയും പകലും ചിത്രങ്ങൾ പകർത്താൻ കഴിയുന്ന തെർമൽ കാമറയുടെ പരീക്ഷണവും നടന്നു. സഹകരണ സ്ഥാപനമായ കണ്ണൂരിലെ കേരള ദിനേഷ് ഐടി സിസ്റ്റമാണ് നിരീക്ഷണ സംവിധാനം തയ്യാറാക്കിയത്.


വനംവകുപ്പിന്റെ കുങ്കിയാനയായ അഗസ്ത്യനെ ഉപയോഗിച്ച് നടന്ന ആദ്യപരീക്ഷണം വിജയമായിരുന്നെന്ന് ദിനേഷ് ഐടി സിസ്റ്റം ഓപ്പറേഷൻസ് വിഭാഗം ഹെഡ് അഭിലാഷ് രവീന്ദ്രൻ പറഞ്ഞു. മനുഷ്യനോ മൃഗങ്ങളോ നടക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനങ്ങളെ ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ നിരന്തരം കടന്നുപോകുന്ന ലേസർ തരംഗങ്ങൾ പിടിച്ചെടുത്ത്, നിർമിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്‌വെയറിൽ വിശകലനം ചെയ്താണ് വിവരം നൽകുക. ഇത് തത്സമയം ദ്രുത പ്രതികരണ സേന (ആർആർടി) ടീമിനെ വാട്സ്ആപ്പ്, ടെലിഗ്രാം, എസ്എംഎസ്, ഇ-മെയിൽ എന്നിവവഴി അറിയിക്കും.


മൃഗങ്ങളുടെ യഥാർഥ ലൊക്കേഷൻ ജിപിഎസ് കോർഡിനേറ്റസ് എന്നിവ സഹിതം ലഭ്യമാകും. ഓസ്ട്രേലിയൻ സാങ്കേതികവിദ്യയോടു കൂടിയ സംവിധാനം രാജ്യത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉപയോ​ഗിക്കുന്നുണ്ട്. വടക്കൻ റെയിൽവേയും ഈ രീതി പിന്തുടരുന്നുണ്ട്. പന്നിമട വനമേഖലയിൽ നാല് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേരള ദിനേഷ് ഐടി സിസ്റ്റം തയ്യാറാക്കിയ പദ്ധതിയുടെ പരീക്ഷണം നടത്താൻ വനംവകുപ്പിന്റെ കിഴക്കൻമേഖല സിസിഎഫ് ആണ് അനുമതി നൽകിയത്. സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.








0/Post a Comment/Comments