ആർദ്ര കേരളം പുരസ്‌കാരം: സംസ്ഥാനതലത്തിൽ രണ്ടാമതായി കണ്ണൂർ ജില്ലാ പഞ്ചായത്ത്


കണ്ണൂർ:ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2022-23 ലെ ആർദ്ര കേരളം പുരസ്‌കാരത്തിൽ മികച്ച നേട്ടവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തുകളുടെ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് നേടിയത്. അഞ്ച് ലക്ഷം രൂപയാണ് സമ്മാന തുക. 

ജില്ലാ തലത്തിൽ ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ കതിരൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാര തുക. രണ്ടാം സ്ഥാനം കോട്ടയം ഗ്രാമപഞ്ചായത്തും (മൂന്ന് ലക്ഷം രൂപ) മൂന്നാം സ്ഥാനം അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തും (രണ്ട് ലക്ഷം രൂപ) നേടി.

ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി നടത്തിപ്പ് സംബന്ധിച്ച പ്രവർത്തനത്തിനാണ് അവാർഡ്.

ഇൻഫോർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നൽകുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കിയത് . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച് മുൻഗണനാ പട്ടിക തയ്യാറാക്കുകയും പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. 

ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പിലാക്കിയ നൂതനമായ ആശയങ്ങൾ, പൊതു സ്ഥലങ്ങളിലെ മാലിന്യ നിർമ്മാർജ്ജനം എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.


*

0/Post a Comment/Comments