തിരുവനന്തപുരം:
ഉരുൾപൊട്ടലിൽ കണ്ണീർ ഭൂമിയായി മാറിയ വയനാട്ടിൽ ഇന്ന് മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. വയനാട് ജില്ലയിൽ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു മുതൽ തുറക്കുമെന്ന് കലക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാകും അവധി. കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ഒരാഴ്ചയായി വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. വയനാട് കൂടാതെ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. ഏഴ് കുടുംബങ്ങളും 21 അംഗങ്ങളും ഉൾപ്പെട്ട ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്നതിനാൽ പോത്തുണ്ടി ജി.എൽ.പി.എസ്സിന് നാളെ അവധി ആയിരിക്കുമെന്ന് പാലക്കാട് ജില്ല കലക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ പൂവാംവയൽ എൽ.പി. സ്‌കൂൾ, കുറുവന്തേരി യു.പി. സ്‌കൂൾ, വിലങ്ങാട് സെന്റ് ജോർജ് എച്ച്.എസ്.എസ്., വെള്ളിയോട് എച്ച്.എസ്.എസ്., കുമ്പളച്ചോല യു.പി. സ്‌കൂൾ എന്നിവയും കൊയിലാണ്ടി താലൂക്കിൽ കൊല്ലത്തെ ഗുരുദേവ കോളേജും താമരശ്ശേരി താലൂക്കിൽ സെന്റ് ജോസഫ് യു.പി. സ്‌കൂൾ മൈലെല്ലാംപാറയ്ക്കുമാണ് അവധി.
Post a Comment