ഇരിട്ടി:മങ്കി മലേറിയ രോഗം ബാധിച്ച് കുരങ്ങൻമാരുടെ മരണം റിപ്പോർട്ട് ചെയ്ത ആറളം വന്യജീവി സങ്കേതത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് സംഘം പരിശോധന നടത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി എം ഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. ആറളം
വന്യജീവി സാങ്കേതത്തിന്റെ ഭരണകാര്യ കെട്ടിടത്തിന് സമീപം കഴിഞ്ഞയാഴ്ചയാണ് നാല് കുരങ്ങന്മാരുടെ ജഡം കാണപ്പെട്ടത്. വയനാട് കുപ്പാടിയിലെ വനം വകുപ്പിന്റെ ലാബിൽ നടന്ന പരിശോധനയിലാണ് മങ്കി മലേറിയ സ്ഥിരീകരിച്ചത്.
ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘമാണ് ആറളത്ത് പരിശോധന നടത്തിയത്.
ആറളം റേഞ്ച് ഫോറസ്റ്റ് ഓഫീസറും വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡനുമായ രമ്യ രാഘവനിൽനിന്ന് സംഘം വിവരം ശേഖരിച്ചു. തുടർന്ന് ചീങ്കണ്ണി പുഴയുടെ തീരങ്ങളിലും ജീവനക്കാരുടെ താമസ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിലും കൊതുകുകളുടെ ലാർവയെ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തി.
മങ്കി മലേറിയ മനുഷ്യരിലേക്ക് പകരുന്നതിനുള്ള സാധ്യത വളരെ കുറവാണെന്ന് സംഘം അറിയിച്ചു.
കൊതുക് വഴിയാണ് മങ്കി മലേറിയയും പകരുന്നത്. നിലവിൽ സ്ഥലത്തു ജോലി ചെയ്യുന്ന ആർക്കും തന്നെ പനിയോ മറ്റു ലക്ഷണങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആറളം വന്യജീവി സങ്കേതത്തിന് സമീപം താമസിക്കുന്നവരിൽ പനി റിപ്പോർട്ട് ചെയ്യുന്നവർക്ക് മലേറിയ പരിശോധന നടത്താൻ തീരുമാനിച്ചു.രോഗ സ്ഥിരീകരണം നടത്തുന്നതിന് വനം വകുപ്പ് സ്വീകരിച്ച ക്രിയാത്മക ഇടപെടലിനെ ഡിഎംഒ അഭിനന്ദിച്ചു.
മങ്കി മലേറിയ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ തന്നെ ഡി എഫ് ഒ യുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നതായി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
Post a Comment