പിവി അന്‍വര്‍ അല്ല ഇടതുമുന്നണി; ശശിക്കെതിരെ പാര്‍ട്ടിയുടെ മുന്നില്‍ ഒരു പരാതിയുമില്ല; ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമല്ല'


തിരുവനന്തപുരം:
 മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടിയുടെ മുന്നില്‍ ഒരു ആരാപണമോ പരാതിയോ ഇല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ശശിക്കെതിരെ ഒരു ആരോപണവും ഇല്ല. പി ശശിക്കെതിരെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് എഴുതി നല്‍കട്ടെയെന്നും അതും അന്വേഷിക്കുമെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

അന്‍വറിന് പി ശശിക്കെതിരെ പരാതിയുണ്ടെങ്കില്‍ രേഖാമൂലം നല്‍കട്ടെ. എല്ലാ ദിവസവും ഇങ്ങനെ ആരോപണം ഉന്നയിക്കുകയാണോ?. അത് തന്നെ നല്ല ലക്ഷണമാണോ?. പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞു. പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഇനിയും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അദ്ദേഹത്തിന് സമര്‍പ്പിക്കാം. അന്‍വര്‍ എല്‍ഡിഎഫിന്റെ സ്വതന്ത്രനാണ്. ആ നിലയില്‍ അദ്ദേഹത്തിന് സ്വതന്ത്രമായി നിലപാടുകള്‍ ഉണ്ടാകുമെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

പിവി അന്‍വര്‍ അല്ല ഇടതുമുന്നണി. അദ്ദേഹം അതിലെ ഒരു അംഗംമാണ്. കേരളനിയമസഭയിലെ ഒരു എംഎല്‍എയാണ്. അദ്ദേഹമാണ് ഇടതുമുന്നണിയുടെ നയരൂപീകരണമെന്ന ധാരണയില്‍ നില്‍ക്കരുത്. പിവി അന്‍വര്‍ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും ഗൗരവത്തിലെടുത്ത് അന്വേഷണം നടത്തും. ഫോണ്‍ ചോര്‍ത്തുന്നതിനെ ഒരുതരത്തിലും പിന്തുണയ്ക്കാനാവില്ല. ആര് ചെയ്താലും അത് തെറ്റാണെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.






0/Post a Comment/Comments