ന്യൂഡൽഹി: ഇന്ന് ഒക്ടോബർ രണ്ട്, ഗാന്ധി ജയന്തി. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 155-ാം ജന്മദിനം. അഹിംസയിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയന്‍റെയും മനസുകളിൽ ഇന്നും ജീവിക്കുന്നു. 1869 ഒക്‌ടോബർ 2ന് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്‌ലി ബായിയുടെയും മകനായാണ് ഗാന്ധിജി ജനിച്ചത്.
രാജ്യത്തിന് ദിശാബോധം പകർന്നുനൽകിയ അദ്ദേഹത്തിന്റെ ജന്മദിനം രാജ്യം വിപലുമായി തന്നെ ആഘോഷിക്കുകയാണ്. ഒക്ടോബർ ഒന്നു മുതൽ പരിസരം ശുചിയാക്കുന്ന പ്രവൃത്തികള്‍ രാജ്യത്തുടനീളം നടന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്തെത്തി ഇന്ന് പുഷ്പാര്‍ച്ചന നടത്തും. സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗമായും വിപുലമായ ആഘോഷങ്ങള്‍ നടക്കും.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. ലോകത്തിന് മുന്നില്‍ അഹിംസയുടേയും സത്യാഗ്രഹത്തിന്റേയും പുതിയ പാത തുറന്നുകൊടുത്തു ഗാന്ധിജി. അതുകൊണ്ട് തന്നെ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായും ആചരിക്കപ്പെടുന്നു. മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്നാണ് യഥാർഥ പേരെങ്കിലും പ്രവർത്തികളിലൂടെ ജനങ്ങൾക്ക് അദ്ദേഹം മഹാത്മ ഗാന്ധിയായി, കുട്ടികളുടെ പ്രിയപ്പെട്ട ബാപ്പുജിയായി.
ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ ഗാന്ധി നൽകിയ സംഭാവനകൾ ഇന്നും ഓരോ ഇന്ത്യൻ പൗരനും സ്‌മരിക്കുന്നു. 'എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം' എന്ന് ഈ ലോകത്തോട് വിളിച്ചുപറഞ്ഞ മഹാത്മ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പുത്തൻവഴി വെട്ടിത്തുറക്കുകയായിരുന്നു.
അഹിംസയെ തന്‍റെ സമരായുധമാക്കിയായിരുന്നു ഗാന്ധിയുടെ യുദ്ധം. ദണ്ഡി യാത്ര, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, നിസഹകരണ പ്രസ്ഥാനം തുടങ്ങിയവയുടെ അമരത്ത് ഗാന്ധി ഉണ്ടായിരുന്നു. ഗാന്ധിയുടെ സമര മാർഗങ്ങൾ എല്ലാം ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലെ സംഭാവനകളായിരുന്നു.
Post a Comment