നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത മാറ്റണം, പി പി ദിവ്യയ്ക്കും പ്രശാന്തിനുമെതിരെ കേസെടുക്കണം; പരാതി നല്‍കി കുടുംബം

കണ്ണൂര്‍:കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയ്‌ക്കെതിരെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. പി പി ദിവ്യയ്ക്ക് പുറമെ പമ്പ് ഉടമ പ്രശാന്തിന് എതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പരാതി നല്‍കിയത്. കണ്ണൂര്‍ സിറ്റി പൊലീസ്, കണ്ണൂര്‍ എസ്പി, ഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു.

നവീന്‍ ബാബുവിന്റെ സംസ്‌കാരം നാളെ നടക്കും. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രി 12:30യോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ പത്തനംതിട്ട കളക്ട്രറേറ്റില്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.



0/Post a Comment/Comments