കാസര്‍കോട്:നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍. വെടിക്കെട്ട് നടത്തിയ സ്ഥലവും പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലവും അടുത്തടുത്തായിരുന്നു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റര്‍ വേണമെന്നാണ് നിയമമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് രണ്ടോ മൂന്നോ അടി അകലെ വച്ച് പടക്കം പൊട്ടിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വേണ്ട സുരക്ഷാ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. വെടിക്കെട്ട് നടത്തുന്നതിന്റെ സമീപത്ത് തന്നെ പടക്കങ്ങള്‍ സൂക്ഷിച്ചതാണ് അപകടകാരണം. സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായി കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തില്‍ ചൈനീസ് പടക്കങ്ങളാണ് പൊട്ടിച്ചത്. വെടിക്കെട്ട് നടത്തിയ സ്ഥലവും പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലവും അടുത്തടുത്തായിരുന്നു. വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണതാണ് അപകട കാരണം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡി ശില്‍പ പറഞ്ഞു.
സംഭവത്തില്‍ 154 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
Post a Comment