പ്രചാരണം അവസാന ലാപ്പിലേക്ക്; വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം; പ്രിയങ്ക ഇന്ന് വീണ്ടുമെത്തും


കല്‍പ്പറ്റ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. വയനാട്, ചേലക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം നാളെ നടക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളില്‍ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ പൊതുയോഗത്തിലും പങ്കെടുക്കും.

പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാകും പ്രിയങ്കാഗാന്ധി നാളെ കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. കല്‍പ്പറ്റയിലും തിരുവമ്പാടിയിലുമാണ് പ്രിയങ്കയും രാഹുലും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുക.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് ഇന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലാണ് പര്യടനം നടത്തുന്നത്. ചേലക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇരുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുമായി പ്രചാരണം നടത്തും. പഞ്ചായത്ത് തലത്തില്‍ ശക്തിപ്രകടനങ്ങള്‍ അടക്കം ആസൂത്രണം ചെയ്താണ് ബിജെപി കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുന്നത്.




0/Post a Comment/Comments