ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: കഷായത്തില്‍ കീടനാശിനി കലര്‍ത്തി കാമുകനായ പാറശാല മുര്യങ്കര ജെപി ഹൗസില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവ്ു ശിക്ഷയും വിധിച്ചു.

 കേസന്വേഷണത്തില്‍ പൊലീസിനെ കോടതി അഭിനന്ദിച്ചു. പ്രതിക്ക് പ്രായം കുറവാണെന്ന കാര്യം പരിഗണിക്കാനാവില്ല. ഗ്രീഷ്മയ്‌ക്കെതിരെ 48 സാഹചര്യ തെളിവുകള്‍ തെളിഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു. പൊലീസ് സമര്‍ത്ഥമായി കേസ് അന്വേഷിച്ചെന്നും, ശാസ്ത്രീയ തെളിവുകള്‍ നന്നായി ഉപയോഗിച്ചുവെന്നും കോടതി വിലയിരുത്തി.

ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ മരണക്കിടക്കയില്‍ കിടക്കുമ്പോഴും ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കോടതി വിലയിരുത്തി. ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നു. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിക്ക് വിഷയമല്ല. വിവാഹം ഉറപ്പിച്ചശേഷവും ഗ്രീഷ്മ മറ്റു ബന്ധങ്ങള്‍ തുടര്‍ന്നു. ഷാരോണുമായി ലൈംഗിക ബന്ധം നടത്തിയെന്ന് തെളിഞ്ഞു. ഗ്രീഷ്മ നടത്തിയ ജ്യൂസ് ചലഞ്ച് വധശ്രമമാണെന്ന് കോടതി വിലയിരുത്തി. സ്‌നേഹബന്ധം തുടരുമ്പോഴും കൊലപ്പെടുത്താന്‍ ശ്രമം തുടരുകയായിരുന്നു. ഗ്രീഷ്മയെ ഷാരോണ്‍ മര്‍ദ്ദിച്ചുവെന്നതിന് തെളിവില്ല. ഷാരോണിനെ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തുകയായിരുന്നു. ഗ്രീഷ്മയുടേത് വിശ്വാസ വഞ്ചനയാണ്.കുറ്റകൃത്യം മറച്ചുപിടിക്കാനുള്ള പ്രതിയുടെ കൗശലം വിജയിച്ചില്ല. തെളിവുകള്‍ ഒപ്പമുണ്ടെന്ന് പ്രതി മനസ്സിലാക്കിയില്ല. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിധിന്യായത്തില്‍ 586 പേജുകളാണുള്ളത്.

കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കളെയും കുടുംബത്തെയും കോടതി അടുത്തേക്ക് വിളിച്ചു വരുത്തിയശേഷമായിരുന്നു കോടതി വിധി പ്രസ്താവം ആരംഭിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രാവിലെ പ്രതി ഗ്രീഷ്മയെ പൊലീസ് പുറത്തിറക്കി. തുടര്‍ന്ന് ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. ഇതിനുശേഷമാണ് പ്രതി ഗ്രീഷ്മയെ നെയ്യാറ്റിന്‍കര കോടതിയില്‍ എത്തിച്ചത്. കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചതോടെ ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലില്‍ അടച്ചിരുന്നു. ശിക്ഷാ വിധി കേള്‍ക്കാന്‍ മരിച്ച ഷാരോണ്‍ രാജിന്റെ സഹോദരനും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു.

ഷാരോണ്‍ വധക്കേസില്‍ കാമുകിയായ ഒന്നാം പ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ ( 24), അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ശനിയാഴ്ച ശിക്ഷയിന്‍മേല്‍ കോടതി വാദം കേട്ടു. ചെകുത്താന്റെ മനസ്സുള്ള സ്ത്രീയാണ് പ്രതിയെന്നും, അതിനാല്‍ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 24 വയസ് മാത്രമേയുള്ളൂവെന്നും കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും, അതിനാല്‍ പരമാവധി ശിക്ഷയിളവ് നല്‍കണമെന്നുമാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്.




0/Post a Comment/Comments