തിരുവനന്തപുരം:
ഈ വരുന്ന അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് നടക്കും. 2025-26 വർഷത്തെ സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും. ഉദ്ഘാടന ചടങ്ങുകളുടെ വീഡിയോ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടന പ്രക്ഷേപണം തത്സമയം പ്രദർശിപ്പിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്താൻ മന്ത്രി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിനു ശേഷം അതത് ജില്ലകളിൽ സ്കൂൾതല പ്രവേശനോത്സവവും, ജില്ലാതല പ്രവേശനോത്സവവും നടക്കും.
ജൂൺ രണ്ടിന് മുൻപായി സ്കൂൾ പ്രവേശന നടപടികൾ സുഗമമായി പൂർത്തിയാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. കൃത്യസമയത്തു തന്നെ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം. പ്രവേശനോത്സവ പരിപാടികൾ വിപുലമായ രീതിയിൽ ജനകീയ ഘടകങ്ങളുമായി ആലോചിച്ച് സംഘടിപ്പിക്കേണ്ടതാണ്.
സ്കൂളിനെ ഒറ്റ യൂണിറ്റായി കണ്ട് പ്രവേശനോത്സവം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്കൂൾ പ്രിൻസിപ്പാൾ/ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കേണ്ടതാണ്. ഈ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഉപജില്ലാ/ജില്ലാവിദ്യാഭ്യാസ ഓഫീസ് തലങ്ങളിൽ പ്രിൻസിപ്പാൾ, പ്രധാനാധ്യാപകരുടെ യോഗം വിളിച്ചു ചേർക്കേണ്ടതും ഡയറ്റ് ഫാക്കൽറ്റി അക്കാര്യത്തിൽ ഓഫീസർമാരെ സഹായിക്കണമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Post a Comment