ആനപ്പന്തി സഹകരണ ബാങ്ക് കച്ചേരിക്കടവ് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ സംഭവംബാങ്ക് ജീവനക്കാരന്റെ പ്രധാന സഹായി അറസ്റ്റിൽ ശാഖാ മാനേജരെ സസ്‌പെന്റ് ചെയ്തു.

ഇരിട്ടി: സിപിഎം ഭരിക്കുന്ന  ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ കച്ചേരി കടവ് ശാഖയിൽ നിന്നും ജീവനക്കാരൻ  മുക്കുപണ്ടം പണിയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഇയാളുടെ  പ്രധാന സഹായിഅറസ്റ്റിൽ.  ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു. തട്ടിപ്പിന് ബാങ്ക് ജീവനക്കാരനായ സുധീർ തോമസിന് തട്ടിപ്പിനായി  എല്ലാ സഹായവും ചെയ്തു കൊടുത്ത കച്ചേരിക്കടവിലെ ഓൺ ലൈൻ സ്ഥാപന ഉടമ ചക്കാനിക്കുന്നേൽ  സുനിഷ് തോമസിനെ (35) ആണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.  തട്ടിപ്പിനെക്കുറിച്ച്  സഹകരണ വകുപ്പും അന്വേഷണം ശക്തമാക്കി. സംഭവത്തിനുശേഷം മൂന്ന് ദിവസമായി  ഒളിവിൽ പോയ ബാങ്കിലെ വാച്ച്മാൻ സുധീർ തോമസിനെ ഇതുവരെ  കണ്ടെത്താനായിട്ടില്ല. ഇയാൾ കർണ്ണാടകത്തിലേക്ക്  കടന്നതായാണ് പോലീസ്‌ സംശയിക്കുന്നത്. അതേസമയം  കൃത്യ വിലോപത്തിന് ബാങ്ക് ശാഖാ മാനേജരായ എം.കെ. വിനോദിനെ  ബാങ്ക് ഭരണ സമിതി അന്വേഷണ  വിധേയമായി സസ്‌പെന്റ് ചെയ്തു. ബാങ്കിലെ കീഴ്ജീവനക്കാരൻ ബാങ്കിന്റെ സ്‌ട്രോങ്ങ് റൂം തുറക്കാനിടയായ സംഭവത്തിൽ സ്‌ട്രോങ്ങ് റൂമിന്റെ ഉത്തരവാദപ്പെട്ട ആൾ എന്ന നിലയിൽ മാനേജർക്ക് വീഴ്ച്ചയുണ്ടായി എന്ന കണ്ടെത്തലിനെ തുടർന്നാണ് സസ്‌പെൻഷൻ.
    ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തിയ യഥാർത്ഥ സ്വർണം എടുത്ത് പകരം മുക്കുപണ്ടം  വെച്ച്  ലക്ഷങ്ങൾ തട്ടിയതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.  ബാങ്കിൽ നിന്നും എടുത്ത യഥാർത്ഥ സ്വർണം ഇരട്ടിയിലെ  സ്വർണ്ണ വ്യാപാരിക്ക് വിറ്റത് സുനീഷ് തോമസാണെന്ന് പോലീസ് കണ്ടെത്തി.  ബാങ്കിൽ നിന്നും മുങ്ങിയ ജീവനക്കാരൻ സുധീർ തോമസ് ആണ് പണയപ്പെടുത്തിയ സ്വർണം ബാങ്കിൽ നിന്നും എടുത്ത വിൽപ്പന നടത്താനായി സുനീഷ് തോമസിന് നൽകിയെന്നാണ് അന്വേഷണസംഘം പറയുന്നത്. ഒളിവിൽ പോയ സുധീർ  തോമസിനെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമെ  സുനീഷ് തോമസുമായുള്ള ഇടപാടുകളെക്കുറിച്ച് വ്യക്ത വരുകയുള്ളൂ എന്ന്  പോലീസ് പറഞ്ഞു. 
ബാങ്കിൽ നടന്ന വെട്ടിപ്പിനെ കുറിച്ച് സഹകരണ വകുപ്പും സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരിട്ടി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ  പി. ജയശ്രീയുടെയും സെയിൽ ഓഫീസർ സി.വി. മനോജിന്റെയും നേതൃത്വത്തിൽ ബാങ്കിലെ പണയ സ്വർണ്ണങ്ങളെ കുറിച്ചുള്ള കണക്കെടുപ്പും പരിശോധനയും ആരംഭിച്ചു.
 ഏപ്രിൽ 29നും മെയ് രണ്ടിനും ഇടയിലുള്ള ദിവസങ്ങളിലാണ്  ബാങ്കിന്റെ സ്‌ട്രോങ്ങ് റൂം തുറന്ന്  18 പാക്കറ്റുകളിലായി ഉണ്ടായിരുന്ന പണയ സ്വർണ്ണം എടുത്ത് പകരം മുക്കുപണ്ടം വെച്ചത്. റൂമിന്റെ താക്കോൽ അടങ്ങിയ ബാഗ് ബാങ്കിന്റെ ഷട്ടറിന് മുന്നിൽ വച്ചാണ് സുധീർ തോമസ്  മുങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ സുധീർ തോമസ് താക്കോൽ കൂട്ടങ്ങൾ അടങ്ങിയ ബാഗ് ബാങ്കിന് മുന്നിൽ വച്ച് ഇരുചക്ര വാഹനത്തിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളുടെ വാഹനം വള്ളിത്തോട് ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. സുധീർ തോമസിന് വെട്ടിപ്പിന് ബാങ്ക് ശാഖയിൽ നിന്നോ മററ് ശാഖകളിൽ നിന്നോ ഉള്ള ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ബാങ്കിൽ തട്ടിപ്പു നടത്തി മുങ്ങിയ ജീവനക്കാരൻ സുധീർ തോമസ് സി പി എം കച്ചേരിക്കടവ്  മുൻ ബ്രാഞ്ച് സിക്രട്ടറിയാണ്.

0/Post a Comment/Comments