ലോക്ഡൗണ്‍ നിയമലംഘനം: പിരിച്ചത് 154 കോടി രൂപയെന്ന് കണക്കുകള്‍

 


ലോക്ഡൗണ്‍ കാലയളവില്‍ നിയമലംഘനങ്ങള്‍ക്ക് പൊലീസ് പിരിച്ചത് 154 കോടി രൂപയെന്ന് കണക്കുകള്‍. ഒക്ടോബര്‍ വരെ ആറ് ലക്ഷത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 

 ലോക്ഡൗണ്‍ കാലയളവില്‍ മാസ്‌ക് ധരിക്കാത്തതും, സാമൂഹിക അകലം പാലിക്കാത്തതും, നിയന്ത്രണം ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയതുമടക്കമുള്ള നിയന്ത്രണലംഘനങ്ങള്‍ക്ക് പൊലീസ് പിരിച്ചത് 154 കോടി 42 ലക്ഷത്തി 4700 രൂപ. ഈ മാസം ആദ്യ വാരം വരെയുള്ള കണക്കാണിത്.

 ആകെ രജിസ്റ്റര്‍ ചെയ്തത് 6,11,851 കേസുകളാണ്. ഏറ്റവുമധികം കേസുകള്‍ തിരുവനന്തപുരം ജില്ലയിലാണ് 1,86,790 കേസുകള്‍. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പിഴ ചുമത്തിയിരിക്കുന്നത്: 22,41,59,800 രൂപ. തിരുവനന്തപുരം ജില്ലയില്‍ 14,24,43,500 രൂപയും, മലപ്പുറത്ത് 13,90,21,500 രൂപയാണ് പിഴ ഇനത്തില്‍ ലഭിച്ചത്.

 എല്ലാ ജില്ലകളിലും രണ്ട് കോടിയിലധികം രൂപയാണ് പിഴയിനത്തില്‍ പിരിച്ചത്. 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത റെയില്‍വേ പൊലീസും 4,10100 രൂപ ഖജനാവിനു സമ്മാനിച്ചു. 

 മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും 500 രൂപ വീതവും, വാഹനങ്ങളുടെ നിയന്ത്രണ ലംഘനത്തിന് 2000 രൂപയുമാണ് പൊലീസ് പിഴചുമത്തി വരുന്നത്. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷവും പൊലീസ് നടപടി തുടരുന്നുണ്ട്.


0/Post a Comment/Comments