തലശ്ശേരി സ്‌റ്റേഡിയം 2022 ജനുവരി ഒന്നിന് തുറക്കും; മന്ത്രി വി അബ്ദുറഹിമാന്‍




തലശ്ശേരി വി ആര്‍ കൃഷ്ണയ്യര്‍ സ്‌റ്റേഡിയം 2022 ജനുവരി ഒന്നിന് നാടിന് സമര്‍പ്പിക്കുമെന്ന് വഖ്ഫ്-ഹജ്ജ് തീര്‍ത്ഥാടനം- കായികം- റെയില്‍വെ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. നവംബറോടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മറ്റ് ചില സജ്ജീകരണങ്ങള്‍ കൂടി ഒരുക്കേണ്ടതുണ്ട്. ശേഷം ആള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന്റെ മല്‍സരം നടത്തി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും.  പ്രവർത്തി പൂര്‍ത്തിയായ കൂത്തുപറമ്പ് സ്റ്റേഡിയവും ഉടന്‍ തുറക്കും. തലശ്ശേരി സ്റ്റേഡിയത്തിൻ്റെ നവീകരണ പ്രവർത്തി അവലോകന യോഗം തലശ്ശേരി നഗരസഭാ ഹാളിലും കൂത്തുപറമ്പ് സ്റ്റേഡിയത്തിൻ്റെ യോഗം തലശ്ശേരി റസ്റ്റ് ഹൗസിലും ചേർന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രത്യേകം രൂപീകരിച്ച ജോയിന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് സ്‌റ്റേഡിയങ്ങള്‍. അതത് നഗരസഭകൾക്കാണ് നടത്തിപ്പ് ചുമതല. കൂത്തുപറമ്പ് സ്റ്റേഡിയത്തോടനുബന്ധിച്ച് ജിം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

13.5 കോടി രൂപ ചെലവില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തലശ്ശേരി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നത്. പവലിയന്‍ കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായി. സിന്തറ്റിക്ക് ട്രാക്ക്, അഗ്‌നി സുരക്ഷ സംവിധാനം എന്നിവയുടെ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. ദേശീയ നിലവാരത്തിലുള്ള മല്‍സരങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള സിന്തറ്റിക് ട്രാക്കാണ് ഒരുക്കുന്നത്. എട്ടു വരി 400 മീറ്റര്‍ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കാണിത്. ഐ എ എ എഫ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മല്‍സരങ്ങള്‍ നടത്താന്‍ കഴിയും. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

എംഎല്‍എമാരായ അഡ്വ. എ എന്‍ ഷംസീര്‍, കെ പി മോഹനന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, നഗരസഭാധ്യക്ഷമാരായ കെ എം ജമുനാ റാണി, വി സുജാത, കായിക വകുപ്പ് ഡയറക്ടര്‍ ജെറാമിക് ജോര്‍ജ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ജില്ലാ പ്രസിഡണ്ട് കെ കെ പവിത്രന്‍ മാസ്റ്റര്‍, സെക്രട്ടറി ഷിനിത്ത് പാട്യം, കായിക വകുപ്പ് ചീഫ് എഞ്ചിനിയര്‍ ബി ടി വി കൃഷ്ണന്‍, അസി.എഞ്ചിനിയര്‍ ബാല മോഹനന്‍, കിറ്റ്‌കോ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബാബു വൈശാഖ്, ജില്ലാ മേധാവി വിജിത് കെ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


0/Post a Comment/Comments