കണ്ണൂർ∙ 100 കോടി ഡോസ് വാക്സീൻ നൽകി ഇന്ത്യ ചരിത്രം കുറിക്കുമ്പോൾ 98 ശതമാനത്തിലേറെ ആളുകൾക്കും ആദ്യ ഡോസ് നൽകിയതിന്റെ അഭിമാനത്തിലാണ് ജില്ല. രണ്ടാം ഡോസ് വാക്സിനേഷൻ 44.5% കടന്നു. 27.3 ലക്ഷം ഡോസ് വാക്സീനാണ് ജില്ലയിൽ ഇതുവരെ നൽകിയത്. സർക്കാർ മേഖലയിൽ 15, സ്വകാര്യ ആശുപത്രികളിലായി 21 എന്നിങ്ങനെ 36 കേന്ദ്രങ്ങളിലാണു ജില്ലയിൽ വാക്സീൻ വിതരണം നടക്കുന്നത്.
മാറി നിൽക്കുന്നവർ വളരെക്കുറച്ചു മാത്രം
പല തെറ്റായ പ്രചാരണങ്ങളുടെയും പേരിൽ കോവിഡ് വാക്സീൻ സ്വീകരിക്കാതെ മാറി നിൽക്കുന്നവരുണ്ട്. ജില്ലയിൽ ഏതാണ്ട് 1 ശതമാനം ആളുകളാണ് ഇത്തരത്തിൽ വാക്സീനോട് വിമുഖത കാട്ടുന്നവർ. ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയാകാനുള്ള 2 ശതമാനത്തോളം പേരിൽ പകുതിയാളുകളും കോവിഡ് പോസിറ്റീവായതിനാൽ വാക്സീൻ സ്വീകരിക്കാൻ കഴിയാത്തവരാണ്. കോവിഡ് പോസിറ്റീവായവരോട്, നെഗറ്റീവ് ആയി മൂന്നു മാസത്തിനു ശേഷം വാക്സീൻ സ്വീകരിക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇവർ കൂടി വാക്സീൻ സ്വീകരിച്ചാൽ ആദ്യ ഡോസ് 100 ശതമാനമാകും.
വാക്സിനേഷനിൽ ജില്ല മുൻനിരയിൽ
വാക്സീൻ വിതരണത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തു മുൻനിരയിലാണു ജില്ല. ആദ്യ ഡോസ് വാക്സീൻ വിതരണത്തിൽ സംസ്ഥാന ശരാശരി 94 ശതമാനമെത്തുമ്പോൾ ജില്ലയിൽ ഇത് 98 ശതമാനത്തിനു മുകളിലായി. എല്ലാ ആരോഗ്യ പ്രവർത്തകരും ആദ്യ ഡോസ് സ്വീകരിച്ചു. 91% പേർ രണ്ടാം ഡോസും സ്വീകരിച്ചു.
മുൻനിരപ്പോരാളികളിൽ 100 ശതമാനവും ആദ്യ ഡോസും 95% പേർ രണ്ടാം ഡോസും സ്വീകരിച്ചു. 45 നു മുകളിൽ പ്രായമുള്ളവരിൽ 97% പേരും ആദ്യ ഡോസ് എടുത്തിട്ടുണ്ട്. ഇവരിൽ 57% പേർ രണ്ടാം ഡോസും സ്വീകരിച്ചു. 18–44 പ്രായക്കാരിൽ 90% പേരും ആദ്യ ഡോസ് എടുത്തിട്ടുണ്ട്. ഇവരിൽ 21 ശതമാനത്തിനും രണ്ടാം ഡോസ് വിതരണം ചെയ്തു.
തിരക്കിന് മുൻപ് വാക്സീനെടുക്കാം
കോവിഡ് വ്യാപനം കുറയുകയും കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ വാക്സീൻ എടുക്കുന്നതിൽ ചെറിയ തോതിലുള്ള അലംഭാവം ജനങ്ങൾക്കുണ്ടാകുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. രണ്ടാം ഡോസ് വാക്സീൻ എടുക്കാനുള്ളവരുടെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ആരോഗ്യവിഭാഗം ദിവസവും പട്ടിക തയാറാക്കുന്നുണ്ട്.
എന്നാൽ ഈ പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും അതേ ദിവസം വാക്സിനേഷൻ കേന്ദ്രത്തിലെത്തുന്നില്ല. 10,000 പേരുടെ പട്ടികയാണ് ആരോഗ്യ വിഭാഗം തയാറാക്കുന്നതെങ്കിൽ ആറായിരത്തോളം പേരാണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നത്. കുറച്ചു ദിവസമായി ഈ പ്രവണത തുടരുന്നുണ്ട്. ജില്ലയിൽ ഇപ്പോൾ വാക്സീൻ കൃത്യമായി ലഭിക്കുന്നുണ്ട്.
വാക്സിനേഷൻ കേന്ദ്രങ്ങളിൽ കാര്യമായ തിരക്കും അനുഭവപ്പെടുന്നില്ല. അതേ സമയം അടുത്ത മാസത്തോടെ രണ്ടാം ഡോസ് എടുക്കേണ്ടവരുടെ എണ്ണം കൂടും. രണ്ടാം ഡോസ് എടുക്കാൻ സമയമായവർ വൈകിക്കുന്നത് വരും ആഴ്ചകളിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തിരക്കുണ്ടാകാനിടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
Post a Comment