മട്ടന്നൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു


   
മട്ടന്നൂർ മഹാദേവ ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. എക്സിക്യൂട്ടീവ് ഓഫീസറായി പി.ശ്രീകുമാർ ചുമതലയേറ്റു. ക്ഷേത്രം ഏറ്റെടുക്കുന്നതിൽ പ്രതിഷേധവുമായി എത്തിയവരും ദേവസ്വം ബോർഡ് അധികൃതരും തമ്മിൽ ക്ഷേത്രത്തിന് മുന്നിൽ തർക്കവും സംഘർഷവുമുണ്ടായി. ഏതാനും പേരെ സ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് ദേവസ്വം ബോർഡ് അധികൃതർ പോലീസിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിയത്. ഇവരെ തടഞ്ഞ പ്രതിഷേധക്കാരുമായി തർക്കവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഒരാൾ കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ ദേഹത്ത് ഒഴിക്കാനും ശ്രമിച്ചു. പോലീസ് ഇടപെട്ട് കുപ്പി പിടിച്ചുമാറ്റുകയായിരുന്നു. സംഘർഷത്തിനൊടുവിൽ ക്ഷേത്രത്തിന്റെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് ദേവസ്വം അധികൃതർ അകത്തുകടന്നത്. ക്ഷേത്ര ഓഫീസും കൗണ്ടറും പൂട്ടിയതിനാൽ ഇവയുടെ പൂട്ടും പൊളിച്ചാണ് എക്സിക്യൂട്ടീവ് ഓഫീസർ അകത്തെത്തി ചുമതലയേറ്റടുത്തത്.


ഹൈക്കോടതി ഉത്തരവുപ്രകാരമാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ നിലനിൽക്കുകയാണെന്നും മൂൻകൂർ നോട്ടീസ് നൽകാതെയാണ് ക്ഷേത്രം കൈയേറിയതെന്നും ക്ഷേത്രസമിതി ഭാരവാഹികൾ ആരോപിച്ചു.

10 വർഷത്തിലധികമായി ക്ഷേത്രം ഏറ്റെടുക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ചുവരികയായിരുന്നു. 2007-ൽ ക്ഷേത്രത്തിന്റെ നടത്തിപ്പിനെതിരേ പരാതി ലഭിച്ചതിനെത്തുടർന്നാണ് ക്ഷേത്രം ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങിയത്. ഇതിനെതിരേ ക്ഷേത്രസമിതി ദേവസ്വം കമ്മിഷണറെയും കോടതിയെയും സമീപിച്ചിരുന്നു. ക്ഷേത്രത്തിൽ നാമജപ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്റെ കീഴിലുള്ള കൈലാസ് ഓഡിറ്റോറിയം, മഹാദേവ ഹാൾ മുതലായ സ്ഥാപനങ്ങളും ഇനി ദേവസ്വം ബോർഡിന്റെ കീഴിലാകും.


ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി, ഡെപ്യൂട്ടി കമ്മിഷണർ ഇൻ ചാർജ് ടി.സി.ബിജു, തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം സതീശൻ തില്ലങ്കേരി തുടങ്ങിയവർ ക്ഷേത്രത്തിലെത്തിയിരുന്നു. മട്ടന്നൂർ സി.ഐ. എം.കൃഷ്ണൻ, എസ്.ഐ. കെ.വി.ഗണേശൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസും ക്ഷേത്രത്തിലുണ്ടായിരുന്നു.ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധം, സംഘർഷം

0/Post a Comment/Comments