വിവാദത്തിലായ പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ഓഫീസ് അർധരാത്രിയിൽ തുറന്ന് ഫയലുകൾ കടത്താൻ ശ്രമം

 



പേരാവൂർ: ചിട്ടിപ്പണം തട്ടിപ്പിൽ വിവാദത്തിലായ പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ഓഫീസ് അർധരാത്രിയിൽ തുറന്ന് ഫയലുകൾ കടത്താൻ സെക്രട്ടറിയുടെ വിഫല ശ്രമം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ പേരാവൂർ പോലീസ് സെക്രട്ടറി പി.വി.ഹരിദാസനെ കസ്റ്റഡിയിലെടുത്തു.


ബാഗിൽ കടത്താൻ ശ്രമിച്ച രേഖകളും പോലീസ് പിടികൂടി. സൊസൈറ്റിയിലെ മറ്റൊരു സ്റ്റാഫിനെ രാത്രിയിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി രേഖകൾ പരിശോധിച്ചു. സെക്രട്ടറി കടത്താൻ ശ്രമിച്ച രേഖകളും സൊസൈറ്റിയുടെ താക്കോലും സ്റ്റാഫിന്റെ കൈവശം സൂക്ഷിക്കാൻ നല്കി. 


സൊസൈറ്റി ഭരണസമിതിയുടെ ഏതാനും പഴയ മിനുട്സ് ബുക്കുകളും മറ്റ് രേഖകളുമാണ് ബാഗിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പ്രവർത്തി സമയത്ത് മാത്രമേ സൊസൈറ്റി തുറക്കാൻ പാടുള്ളൂ എന്ന നിർദ്ദേശത്തിലാണ് താക്കോൽ സ്റ്റാഫിന് നല്കിയത്. സൊസൈറ്റിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് സഹകരണ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടയിലാണ് അനധികൃതമായി അർധരാത്രിയിൽ സൊസൈറ്റി തുറന്ന് രേഖകൾ കടത്തിക്കൊണ്ടു പോകാൻ സെകട്ടറി ശ്രമിച്ചതെന്ന് ഇടപാടുകാർ ആരോപിച്ചു.

0/Post a Comment/Comments