ഇരിട്ടി : നഗരത്തിലെ ഗതാഗതക്കുരുക്ക് നഗരസഭക്കും പോലീസിനും നിത്യം ഒരു പോലെ തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇരിട്ടി നഗരസഭാ മുൻകൈ എടുത്ത് പാർക്കിങ് കേന്ദ്രം ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇരിട്ടിപഴയപാലത്ത് നഗരസഭ മാർക്കറ്റിനായി മാറ്റിവെച്ച സ്ഥലത്താണ് പുതിയ പാർക്കിങ് കേന്ദ്രം ഒരുക്കുന്നത്.
പഴയ പാലത്ത് നഗരസഭയുടെ അധീനതയിലുള്ള 29 സെൻറ് സ്ഥലം ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത് . നേരത്തെ ഇവിടെ നഗരസഭക്കായി മാർക്കറ്റ് ഒരുക്കാനായി ഈ സ്ഥലം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിനോട് ചേർന്ന് വർഷങ്ങൾ പഴക്കമുള്ള രണ്ട് വീടുകൾ ഉണ്ട്. ഇവിടെയുള്ളവരെ പുനരധിവസിപ്പിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
പാർക്കിങ് കേന്ദ്രം ഒരുക്കുന്നതിന്റെ പ്രാരംഭ നടപടി എന്ന നിലയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്ഥലം ഒരുക്കൽ പ്രവർത്തിയും ആരംഭിച്ചുകഴിഞ്ഞു. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, വാർഡ് കൗൺസിലർ വി. പി. റഷീദ് , നഗരസഭ സെക്രട്ടറി സ്വരൂപ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Post a Comment