പുരധിവാസ മേഖലയിലെ കാട്ടാന ശല്യം; ആദിവാസി ക്ഷേമ സമിതിയുടെ അനിശ്ചിതകാല ആർ ആർ ടി ഓഫീസ് ഉപരോധം തുടങ്ങി



ഇരിട്ടി:  ആറളം ഫാം പുരധിവാസ മേഖലയിൽ വർധിച്ചു വരുന്ന കാട്ടാന ശല്യം തടയാൻ നടപടിയുണ്ടാക്കാതിൽ പ്രതിഷേധിച്ച് ആദിവാസി ക്ഷേമ സമിതി യുടെ നേതൃത്വത്തിൽ ആറളം ഫാമിലെ വനം വകുപ്പിന്റെ ദ്രുത കർമ്മ സേന ഓഫീസിന് മുന്നിൽ അനിശ്ചിതകാല  ഉപരോധ സമരം ആരംഭിച്ചു. ഫാമിൽ നിന്നും തുരത്തുന്ന കാട്ടാനകളെ പുനരധിവാസ മേഖലയിലെ കോട്ടപ്പറ മേഖലയിലേക്കാണ് തുരത്തുന്നത്. കോട്ടപ്പറയിൽ നിന്നും വനത്തിലേക്ക് കയറ്റി എന്ന് പറയുന്നതല്ലാതെ ഇവിടുത്തെ കാടുകളിൽ എത്തിക്കുകയാണ് വനം വകുപ്പ്. ഇവിടെ നിന്നും വീണ്ടും ആനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങുകയും വൻ കൃഷി നാശം വരുത്തുന്നുവെന്നാണ് പരാതി.  ഇതിനെതിരെയാണ് എ കെ എസ് അനിശ്ചിതകാല  സമരം തുടങ്ങിയിരിക്കുന്നത് . 
പ്രശ്‌നത്തിൽ   കൊട്ടിയൂർ റെയിഞ്ചറിൽ നിന്നും വ്യക്തമായ ഉറപ്പു കിട്ടാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ. ആർ ആർ ടി ഓഫീസിന്റെ  ഗെയിറ്റ് അടച്ചാണ് ഉപരോധം . സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഉപരോധത്തിൽ പങ്കെടുത്തു. ആർ ആർ ടി ഡപ്യൂട്ടി റെയിഞ്ചർ അവധിയായതിനാൽ ഇരിട്ടി ഫോറസ്റ്റർ ജിജിലിന്റെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടത്താൻ എത്തിയെങ്കിലും സമരക്കാർ വഴങ്ങിയില്ല. ഉപരോധ സമരം എ കെ എസ് സംസ്ഥാന ജോ.സെക്രട്ടറി പി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.എ. ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. മോഹനൻ, സി പി എം ലോക്കൽ സെക്രട്ടറി  കെ.കെ. ജനാർദ്ദനൻ,  കോട്ടികൃഷ്ണൻ, കെ.സി. ജനാർദ്ദനൻ, സി.കെ. നാരായണൻ, ടി.സി. സുജാത എന്നിവർ സംസാരിച്ചു.

0/Post a Comment/Comments