ഇരിട്ടി : കഴിഞ്ഞ പതിനാറ് വർഷത്തെ സേവന നിരതമായ തന്റെ പ്രവർത്തനത്തിന് സുരേഷ് ഗോപി എം പി യിൽ നിന്നും ലഭിച്ച ആദരത്തിൽ ഏറെ സന്തോഷിക്കുകയാണ് പേരാവൂർ സ്വദേശിയും വോളിബോൾ കോച്ചുമായ കെ.ജെ. സെബാസ്ററ്യൻ . സ്മൃതി കേരളം പദ്ധതിയുടെ പേരാവൂർ - മട്ടന്നൂർ മണ്ഡലങ്ങളുടെ ഉദ്‌ഘാടനത്തിനായി നാളികേര ബോർഡ് അംഗമായ സുരേഷ് ഗോപി എം പി ഇരിട്ടിയിൽ എത്തിയപ്പോഴായിരുന്നു സെബാസ്ററ്യൻ അദ്ദേഹത്തിൽ നിന്നും ആദരം ഏറ്റുവാങ്ങിയത്.
ഇന്ത്യൻ ആർമിയിൽ വോളിബോൾ കോച്ചായിരുന്ന സെബാസ്ററ്യൻ 2006 ൽ ആണ് വിരമിക്കുന്നത്. തുടർന്ന് തന്റെ സേവനം മേഖലയിലെ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിലേക്കു നീങ്ങി. 16 വർഷമായി സൗജന്യമായി സേവനം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ സെപ്തംബറിൽ ഹരിയാനയിലെ റോത്തക്കിൽ നടന്ന സ്റുഡന്റ്‌സ് ഒളിമ്പിക്സിൽ ഇദ്ദേഹം പരിശീലിപ്പിച്ച അണ്ടർ 22 , 20, 17 വിഭാഗങ്ങളിൽ മത്സരിച്ച ടീമുകൾ സ്വർണ്ണം നേടുന്നത്. ഇത് മേഖലയിലെ സ്പോർട്സ് താരങ്ങളിൽ വൻ ഉണർവാണ് സൃഷ്ടിച്ചത്. ഇത് ഇദ്ദേഹത്തിനും വലിയ നേട്ടമായി.
ഇരിട്ടിയിൽ നടന്ന സ്മൃതികേരളം പരിപാടിയുടെ ഉദ്‌ഘാടന ചടങ്ങിൽ വെച്ച് സുരേഷ് ഗോപി ഇദ്ദേഹത്തെ പൊന്നാട അണിയിച്ചും മൊമെന്റോ കൈമാറിയും ആദരിക്കുകയായിരുന്നു.
Post a Comment