ഇരിട്ടി: ഇരിട്ടി- മട്ടന്നൂർ നഗരസഭകളിൽ കുടിവെളളമെത്തിക്കുന്ന പദ്ധതിക്കായി ഇരിട്ടിയിൽ പണിയുന്ന വെള്ള സംഭരണിയുടെ നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നു. ഇരിട്ടി നഗരസഭയിലെ പ്രദേശങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നതിനായി ഇരിട്ടി ഹൈസ്‌കൂൾ കുന്നിൽ പണിയുന്ന സംഭരണിയുടെ നിർമ്മാണ പ്രവർത്തിയാണ് പുരോഗമിക്കുന്നത്.
ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം ഇരിട്ടി നഗരസഭ ഏറ്റെടുത്ത് ജലസേചന വകുപ്പിന് കൈമാറിയ 15 സെന്റ് സ്ഥലത്താണ് കൂറ്റൻ ജല സംഭരണി നിർമിക്കുന്നത്. 15 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന സംഭരണിയുടെ പ്രവർത്തി കഴിഞ്ഞ മെയ് ആദ്യവാരത്തിലാണ് ആരംഭിച്ചത്. 15 കോടി രൂപ ചെലവിൽ നിർമിക്കുന്ന സംഭരണിയുടെ നിർമാണം 2022 മേയിൽ പൂർത്തിയാക്കേണ്ടതുണ്ട്.
ഇരിട്ടി, മട്ടന്നൂർ നഗരസഭാപരിധിയിലെ മൂന്ന് ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് മുഴുവൻ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തി 2018 സെപ്തംബറിൽ ആണ് ആരംഭിക്കുന്നത്. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 75 കോടി ചെലവിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ കുടിവെള്ള സംഭരണിയുടെ സ്ഥലമെടുപ്പുമായി വന്ന കാലതാമസവും കൊവിഡ് വ്യാപനവും പ്രതിസന്ധിയായി.
പഴശ്ശി ഡാമിനോട് ചേർന്ന് കണ്ണൂർ, കൊളശ്ശേരി പദ്ധതികൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതികൾക്ക് സമീപമാണ് ഇതിനായുള്ള കൂറ്റൻ കിണർ നിർമ്മിച്ചത് . പഴശ്ശി അണക്കെട്ടിലെ സംഭരണ ശേഷിയുടെ പൊക്കത്തിൽ ആണ് കിണർ നിർമ്മിച്ചത് .
പദ്ധതിക്കായി 42 ദശ ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണവും ചാവശ്ശേരി പറമ്പിൽ പൂർത്തിയാക്കി ക്കഴിഞ്ഞു. ഇരിട്ടി നഗരസഭക്കായി ഹൈസ്‌കൂൾ കുന്നിലും മട്ടന്നൂർ നഗരസഭയിൽ കൊതേരിയിലുമാണ് 15 ലക്ഷം ലിറ്റർ വീതം സംഭരണശേഷിയുള്ള ടാങ്കുകളുടെ നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത് . ഇവിടങ്ങളിൽ നിന്നും പൈപ്പുകൾ മുഖേനയാണ് വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുക.
ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ എഴുപതു ശതമാനവും പഴശ്ശി പദ്ധതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. തളിപ്പറമ്പ് , പട്ടുവം മേഖലകളിൽ കുടിവെള്ളമെത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയും പഴശ്ശിയിൽ പ്രവർത്തിച്ചു വരുന്നു. റീന എഞ്ചിനീയറിങ് ആന്റ് കൺസ്ട്രക്ഷൻ കമ്പനിയായി പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്.
Post a Comment