അഞ്ചംഗ സംഘ കൂട്ടായ്മയുടെ വിജയഗാഥ


ഇരിട്ടി : വിവിധ മേഖലയിൽ തൊഴിൽ ചെയ്യുന്ന അഞ്ചംഗ സംഘം . ഇവർ ഒന്നിച്ച്  മണ്ണിലേക്കിറങ്ങിയപ്പോൾ മണ്ണ് തിരിച്ചു നൽകിയത്  മികച്ച വിളവ്. പടിയൂർ ടൗണിനോട് ചേർന്ന്  പാട്ടത്തിനെടുത്ത  ഒന്നര ഏക്കർ സ്ഥലത്താണ് അഞ്ചു പേരടങ്ങുന്ന സംഘം ഏത്ത വാഴയും ഇടവിളയായി കപ്പയും വെള്ളരിയും ചേനയും മറ്റും  കൃഷി ചെയ്തത്. ഇതിൽ മികച്ച വിളവ് നൽകിയ വാഴക്കൃഷിയുടെ വിളവെടുപ്പ് വ്യാഴാഴ്ച നടന്നു.  വാഴകൃഷിയുടെ വിളവെടുപ്പ് പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

ലോറി ഡ്രൈവർ  പി.പി. രഞ്ജിത്ത്, കുടിവെള്ള വിൽപ്പന നടത്തി വന്ന കെ.വി.  ബാബു , ഡ്രൈവിങ്ങ് സ്കൂൾ നടത്തുന്ന കെ.വി.  രശാന്ത് , പരമ്പരാഗത  കൃഷിക്കാരനായ പറമ്പൻ ശശി, കൃഷിക്കാരനായ ചിറമ്മൽ ഹരിദാസ് എന്നിവർ ഒത്തു ചേർന്ന കൂട്ടയമായാണ് കാർഷിക സംരംഭത്തിനിറങ്ങിയത്.  പടിയൂർ- പുളിക്കാട് റോഡരികിൽ  മുച്ചിലോട്ട് കാവിൻ്റെ അധീനതയിലുള്ള സ്ഥലം ഇവർ മൂന്നു വർഷത്തേക്ക് പാട്ടത്തിനെടുക്കുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന  റബ്ബർ മരങ്ങൾ മുറിച്ച് മാറ്റിയതോടെയാണ് ഇവർ  കൃഷിക്കായി  സ്ഥലം വാടകയ്ക്ക് വാങ്ങിയത്. 
തുടർന്ന് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ  കൃഷിക്കായി സ്ഥലം ഒരുക്കി1000 വാഴകൾ നേടുകയും ചെയ്തു.  ഇടവിളയായി   കപ്പയും, ചേനയും, വെള്ളരിയും കൃഷി ചെയ്തു. തളിപ്പറമ്പ് കാർഷിക വിഞ്ജാന കേന്ദ്രവും ഇവർക്ക് പ്രചോദനം നൽകി  മുന്നോട്ട് വന്നു. സർക്കാർ സഹായങ്ങളുമായി പടിയൂർ കൃഷി ഭവനും ഒപ്പം നിന്നു.  എല്ലാ ദിവസവും കൃത്യമായ പരിചരണവും ശ്രദ്ധയും നൽകിയതോടെ  പ്രകൃതിയും മണ്ണും കർഷകരുടെ പ്രതീക്ഷകൾക്കൊപ്പം നിന്നു.
ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ചടങ്ങ് പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ , ഡോ: പി. ജയരാജ്, ഡോ: കെ.പി.  മഞ്ജു , കൃഷി ഓഫീസർ ടി.പി. ശ്രീകുമാർ , പരമ്പരാഗത കർഷകർ കെ.കെ. ചെല്ലപ്പൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

0/Post a Comment/Comments