കണ്ണൂർ:കർഷകസമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ടും കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ചും നടക്കുന്ന രാജ്ഭവൻ മാർച്ചിനോടനുബന്ധിച്ച് ബുധനാഴ്ച ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾ ഉപരോധിക്കുമെന്ന് കർഷകസംഘം സംസ്ഥാന സെക്രട്ടറി വൽസൻ പനോളിയും ജില്ലാ സെക്രട്ടറി എം. പ്രകാശനും പത്രസമ്മേളനത്തിൽ അറിയിച്ചു.
ചെറുപുഴ, പഴയങ്ങാടി, തളിപ്പറമ്പ്, ആലക്കോട്, ശ്രീകണ്ഠപുരം, പിണറായി, തലശ്ശേരി, പാനൂർ, മട്ടന്നൂർ, ഉളിക്കൽ, പേരാവൂർ, കൂത്തുപറമ്പ് പോസ്റ്റ് ഓഫീസുകളും പയ്യന്നൂർ, കൂത്തുപറമ്പ് ബി.എസ്.എൻ.എൽ. ഓഫീസുകളുമാണ് ഉപരോധിക്കുന്നത്.
ജില്ലാകേന്ദ്രമെന്നനിലയിൽ കണ്ണൂർ മുഖ്യ തപാൽ ഓഫീസിനുമുന്നിൽ നടക്കുന്ന സമരത്തിൽ അഞ്ഞൂറോളം പേരും ഇതര കേന്ദ്രങ്ങളിൽ ഇരുന്നൂറ്റിഅൻപതോളം പേരും പങ്കെടുക്കും. സമരംനടത്തി അറസ്റ്റ് വരിക്കാനാണ് തീരുമാനം.
കോവിഡ് കാരണമാണ് പങ്കാളിത്തം കുറയ്ക്കുന്നത്. കർഷകസമരസന്ദേശവുമായി വൊളന്റിയർമാർ വീടുകൾ സന്ദർശിക്കും. ചൊവ്വാഴ്ച പ്രഭാത-നിശാഭേരികളും നടത്തും.
26-ന് ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ നടക്കുന്ന മാർച്ച് കേന്ദ്രസർക്കാരിന് താക്കീതാകും. കേന്ദ്രസർക്കാർ മാത്രമല്ല, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനസർക്കാരുകളും കർഷകരെ അടിച്ചമർത്താൻ ഇറങ്ങിയിരിക്കുകയാണ്.
സമരമുഖത്ത് അറന്നൂറിലേറെ കർഷകർ മരിച്ചുവീണിരിക്കുന്നു. രാജ്യം ഇതിന് വലിയ വിലകൊടുക്കേണ്ടിവരും. നാനൂറിലേറെ കർഷകസംഘടനകൾ ഉൾപ്പെടുന്ന സംയുക്ത കിസാൻ മോർച്ച നടത്തുന്ന സമരം ഏതെങ്കിലും പാർട്ടികളെ ഉയർത്തിക്കാട്ടാനല്ലെന്നും കർഷകനിയമങ്ങൾ സാരമായി ബാധിക്കുന്ന സംസ്ഥാനങ്ങളിൽ പ്രക്ഷോഭം രൂക്ഷമാകുക സ്വാഭാവികമാണെന്നും നേതാക്കൾ വ്യക്തമാക്കി.
Post a Comment