കണ്ണൂര്‍: കൃത്യനിര്‍വ്വഹണത്തിനിടയില്‍ ജീവത്യാഗം ചെയ്ത പോലീസ് സേനാംഗങ്ങൾക്ക് രാഷ്ട്രം സ്മരണാഞ്ജലി അര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് ആസ്ഥാനത്തെ പോലീസ് പരേഡ് ഗ്രൌണ്ടില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്ന ചടങ്ങ് നടന്നു. ലഡാക്കിലെ ഹോട്ട് സ്പ്രിങ്ങില്‍ 1959 ഒക്‌ടോബര്‍ 21ന് കാണാതായ പോലീസ് സേനാംഗങ്ങളെ കണ്ടെത്താന്‍ പോയ പോലീസ് സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ പത്തുപേര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നു. ആ ധീരപോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഓര്‍മ പുതുക്കുന്ന ദിനത്തിലാണ് കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ രാജ്യത്തെ വിവിധ പോലീസ് വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചടങ്ങ് എല്ലാവര്‍ഷവും ഒക്ടോബര്‍ 21 നു രാജ്യത്ത് സംഘടിപ്പിക്കുന്നത്. സ്മൃതി ദിനത്തിന്‍റെ ഭാഗമായി വിവിധ പരിപാടികള്‍ കണ്ണൂര്‍ സിറ്റി പോലീസ് സംഘടിപ്പിക്കുന്നുണ്ട്. കണ്ണൂര്‍ സിറ്റി പോലീസ് അഡീഷണല്‍ എസ് പി ശ്രീ പ്രിന്‍സ് എബ്രഹാം സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ശ്രീ വിഷ്ണു പ്രദീപ് ടി കെ. IPS, എ സി പി തലശ്ശേരി, ശ്രീ ജസ്റ്റിന്‍ എബ്രഹാം നര്‍കോട്ടിക് സെല്‍ എസിപി, ശ്രീ സജേഷ് വാഴളപ്പില്‍ എ സി പി കൂത്തുപറമ്പ, ശ്രീ വിശ്വംഭരന്‍ നായര്‍ വി കെ എ സി പി സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
Post a Comment