തളിപ്പറമ്പ്‌ മണ്ഡലത്തിൽ 187 സിസിടിവി ക്യാമറ 
ഇന്ന്‌ മിഴി തുറക്കും




 തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായി 187 സിസിടിവി ക്യാമറകൾ ഞായറാഴ്‌ച മുതൽ പ്രവർത്തന സജ്ജമാവും. ‘തേർഡ് ഐ' സിസിടിവി സർവയലൻസ് സംവിധാനം വൈകിട്ട് അഞ്ചിന് മയ്യിൽ ബസ് സ്റ്റാൻഡിൽ മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനചെയ്യും.

മണ്ഡലത്തിലെ പ്രധാന നഗരങ്ങൾ, ആളൊഴിഞ്ഞ സ്ഥലങ്ങൾ, അപകട മേഖലകൾ  ഉൾപ്പെടെ 80 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. പുഴ സംരക്ഷണം, തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന മാലിന്യ പ്രശ്‌നങ്ങൾക്ക് പരിഹാരം, ജനശ്രദ്ധയില്ലാത്ത മേഖലകളിലെ കുറ്റകൃത്യം തടയൽ എന്നിവ ക്യാമറ  സജ്ജമാകുന്നതോടെ തടയാനാവും.

മുൻ എംഎൽഎ  ജയിംസ് മാത്യുവിന്റെ കാലത്ത് രൂപകൽപ്പന ചെയ്ത പദ്ധതിയിൽ 1.45 കോടി രൂപ ചെലവിലാണ് ക്യാമറയും മറ്റ് സംവിധാനവും ഒരുക്കിയത്. പദ്ധതിയിൽ തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി, മയ്യിൽ എഫ്എച്ച്‌സി എന്നിവിടങ്ങളിൽ

 ക്യാമറ സംവിധാനത്തോടുകൂടിയ രണ്ട് ആധുനിക തെർമൽ സ്‌കാനർ യൂണിറ്റും ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ഉൾപ്പെടെ ഒമ്പത് തദ്ദേശ  സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ച നെറ്റ് വർക്ക് ശൃഖലയായാണ് പദ്ധതി നടപ്പാക്കുന്നത്.

ക്യാമറയിലെ ദൃശ്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക്  മോണിറ്ററിലൂടെ വീക്ഷിക്കാനും  റെക്കോഡ് ചെയ്ത് സൂക്ഷിക്കാനും സാധിക്കും. സോളാർ വൈദ്യുതിയും സ്വന്തമായ നെറ്റ്‌വർക്ക് സംവിധാനവും ഉപയോഗിച്ച്  തടസ്സമില്ലാത്ത സേവനവും ലഭിക്കും. 

ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കും അവരുടെ ആവശ്യകത അനുസരിച്ച് വിവിധ പ്രദേശങ്ങളിലേക്ക്  ക്യാമറ ശൃംഖല വ്യാപിപ്പിക്കാനാവും.  ഒരു മണ്ഡലത്തിലെ മുഴുവൻ  പ്രദേശങ്ങളെയും ബന്ധിപ്പിച്ചുള്ള ക്യാമറ സംവിധാനം സംസ്ഥാനത്ത്  ആദ്യമാണെന്ന്‌ വാർത്താസമ്മേളനത്തിൽ മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.  ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയാവും. ജയിംസ് മാത്യു, കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, റൂറൽ എസ്‌പി പി ബി രാജീവ് തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ, സിപിഐ എം  ഏരിയാ സെക്രട്ടറി കെ സന്തോഷ് എന്നിവരും പങ്കെടുത്തു.

0/Post a Comment/Comments