ദേശീയപണിമുടക്ക്: ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി;മോട്ടര്‍ തൊഴിലാളികളും പങ്കെടുക്കും, വാഹനങ്ങള്‍ ഓടില്ല
ഈ മാസം 28നും 29നും ദേശവ്യാപകമായി നടക്കാനിരിക്കുന്ന പണിമുടക്കില്‍ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പങ്കെടുക്കുമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. ഇതോടെ 48 മണിക്കൂര്‍ വാഹനങ്ങളും നിരത്തിലിറങ്ങില്ല. മാര്‍ച്ച് 28 രാവിലെ 6 മണി മുതല്‍ മാര്‍ച്ച് 30 രാവിലെ 6 മണി വരെയാണ് പണിമുടക്ക്.

ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്റ് റസ്‌ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പണിമുടക്കുന്നതോടെ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടക്കും.

തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഫെബ്രുവരി 23, 24 തീയതികളില്‍ നടത്താന്‍ തീരുമാനിച്ച പണിമുടക്ക് ഒമിക്രോണ്‍ സാഹചര്യത്തിലാണ് നീട്ടിയത്.

തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റയിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയ്ക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഉയര്‍ത്തുക, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചശേഷം സംയുക്ത കിസാന്‍ മോര്‍ച്ച സമര്‍പ്പിച്ച അവകാശപത്രിക അംഗീകരിക്കുക, സമ്പന്നര്‍ക്കുമേല്‍ സ്വത്ത് നികുതി ചുമത്തുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള കേന്ദ്ര എക്സൈസ് നികുതി വെട്ടിക്കുറയ്ക്കുക, വിലക്കയറ്റം തടയുക, ദേശീയ പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.

0/Post a Comment/Comments