ചാര്‍ജ് വര്‍ധനവ്; പണിമുടക്കിന് നോട്ടീസ് നല്‍കി സ്വകാര്യ ബസ് ഉടമകള്‍

 



സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ ഉറച്ച് സ്വകാര്യ ബസ് ഉടമകള്‍. പണിമുടക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രിക്ക് ബസ് ഉടമകള്‍ നോട്ടീസ് നല്‍കി. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ബസ് ഉടമകള്‍ നിവേദനം നല്‍കിയ കാര്യം ഗതാഗത മന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചു.

ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആന്റണി രാജു പറഞ്ഞു. ആവശ്യം ന്യായമാണെന്ന് നേരത്തെ തന്നെ താന്‍ പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചകള്‍ പുരോഗമിക്കുക ആണെന്നും വിഷയം പൊതുജനങ്ങളെ ബാധിക്കുന്നതിനാല്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ല. ജനങ്ങളുടെ മേല്‍ അമിതഭാരം ഇല്ലാതെയുള്ള ചാര്‍ജ് വര്‍ധനവാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന സമവായം.

മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.


0/Post a Comment/Comments