വലിയ ലൈബ്രറികളുള്ള സ്‌കൂളുകളില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയനെ നിയമിക്കുന്നത് പരിഗണിക്കും;മന്ത്രി വി.ശിവന്‍കുട്ടി


10,000 പുസ്തകങ്ങളുള്ള സംസ്ഥാനത്തെ സ്‌കൂള്‍ ലൈബ്രറികളില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയനെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വായനയുടെ വസന്തം പദ്ധതിപ്രകാരം 

സ്‌കൂളുകള്‍ക്ക് നല്‍കുന്ന 9.58 കോടി രൂപയുടെ പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ ലൈബ്രറികള്‍ ശക്തിപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതിയാണ് വായനയുടെ വസന്തത്തിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു. സ്‌കൂള്‍ ലൈബ്രറി, ലാബ് എന്നിവ സംബന്ധിച്ച് അധ്യാപകര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. ചെറിയ ലൈബ്രറിയുള്ള സ്‌കൂളുകളില്‍, വായനയില്‍ താത്പര്യമുള്ള അധ്യാപകന് ലൈബ്രറിയുടെ ചുമതല നല്‍കും. സ്‌കൂള്‍ ലൈബ്രറിയിലേക്കു പുസ്തകങ്ങള്‍ നല്‍കുന്ന പദ്ധതിയില്‍ പ്രസാധകര്‍ കൂടുതല്‍ താത്പര്യം കാണിക്കണം. പ്രിന്റ് ചെയ്തു വച്ചിരിക്കുന്ന പുസ്തകങ്ങള്‍ വില്‍ക്കുന്ന ഇടമാക്കി ഇതിനെ മാറ്റാന്‍ അനുവദിക്കില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനു യോഗ്യമായതും ഉപരിപഠനത്തിന് പ്രയോജനപ്പെടുന്നതുമായ പുസ്തകങ്ങളായിരിക്കണം വിതരണം ചെയ്യേണ്ടത്. 93 പ്രസാധകരുടെ 9.58 കോടിയുടെ പുസ്തകങ്ങളാണു പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ അനാരോഗ്യകരമായ ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. അനാവശ്യമായി ഫയലുകള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കും. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഫയല്‍ അദാലത്ത് നടത്തും. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പരീക്ഷയെഴുതുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാകും കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ സംസ്ഥാനത്തു നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. 


0/Post a Comment/Comments