ആറളം പക്ഷി സർവ്വേ അവസാനിച്ചു - പുതുതായി കണ്ടെത്തിയത് കഷണ്ടിത്തലയൻ കൊക്ക്ഇരിട്ടി: ആറളം വൈൽഡ്‌ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ മൂന്ന് ദിവസമായി നടത്തി വന്ന പക്ഷി സർവേ സമാപിച്ചു. ആറളത്തെ തുടർച്ചയായി നടക്കുന്ന 21 മത് സർവേയാണ് ഞായറാഴ്ച സമാപിച്ചത്. വന്യജീവി സങ്കേതത്തിൽ മുമ്പ് കണ്ടിട്ടില്ലാത്ത ഒരിനം പക്ഷി അടക്കം 176 പക്ഷിജാതികളെ സർവ്വേയിൽ കണ്ടെത്തി. കഷണ്ടിത്തലയൻ കൊക്ക് (Black-headed Ibis) ആണ് പുതുതായി കണ്ടെത്തിയത്. ഇതോടെ വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയിട്ടുള്ള മൊത്തം പക്ഷികളുടെ എണ്ണം 240 ആയെന്ന് വൈൽഡ്ലൈഫ് വാർഡൻ വി. സന്തോഷ്‌കുമാർ അറിയിച്ചു.
വെള്ളിയാഴ്ച മുതലാണ് പക്ഷി സർവേ ആരംഭിച്ചത്. ആറളം വൈൽഡ്ലൈഫ് വാർഡൻ വി. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വൈൽഡ്ലൈഫ്) പാലക്കാട് കെ.വി. ഉത്തമൻ ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനു കായലോടൻ, പക്ഷി നിരീക്ഷകരായ സി. ശശികുമാർ, ഡോ. റോഷ്നാഥ് രമേഷ്, സത്യൻ മേപ്പയൂർ എന്നിവർ സർവ്വെയെ പറ്റി വിശദീകരിച്ചു. ആറളം അസി. സെൽഫ് വാർഡൻ എൻ. അനിൽകുമാർ സ്വാഗതവും, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രദീപൻ കാരായി നന്ദിയും പറഞ്ഞു. കേരളത്തിനകത്തും പുറത്തു നിന്നുമായി 55 ഓളം പക്ഷി നിരീക്ഷകൾ സർവ്വേയിൽ പങ്കെടുത്തു. ഇന്ത്യയിൽ തന്നെ ആറളം വന്യജീവി സങ്കേതത്തിൽ മാത്രമാണ് തുടർച്ചയായി പക്ഷി സാമ്പത്തിനെപ്പറ്റി ഇത്തരത്തിൽ ശാസ്ത്രീയ നിരീക്ഷണം നടത്തുന്നത്.
ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ പത്ത് സ്ഥലങ്ങളിൽ പത്തു ഗ്രൂപ്പായി പക്ഷി നിരീക്ഷകരെ വിന്യസിച്ച് ഒരേ സമയത്താണ് സർവ്വെ നടത്തിയത്. ഞായറാഴ്ച ആറളം അസി. വൈഫ് വാർഡൻ എൻ. അനിൽകുമാറിന്റെ മേൽനോട്ടത്തിൽ നടത്തിയ അവലോകനത്തിൽ നിരീക്ഷക സംഘങ്ങൾ അവരുടെ വനാനുഭവങ്ങൾ പങ്കുവെക്കുകയും, വയനാട് വെറ്റിനറി കോളേജ് ലക്ചറർ ഡോ. റോഷ്നാഥ് രമേഷിന്റെ നേതൃത്വത്തിൽ സർവേ ഡാറ്റാ വിവരങ്ങൾ ഏകോപിപ്പിച്ച് സർവ്വേ റിപ്പോർട്ട് അവതരിപ്പിച്ചതോടെയാണ് സർവ്വേ അവസാനിപ്പിച്ചത് . സങ്കേതത്തിലെ ജീവനക്കാരും വാച്ചർമാരും പക്ഷി നിരീക്ഷകർക്കു വേണ്ട പിന്തുണ നൽകി.

0/Post a Comment/Comments