സ്വകാര്യ ബസ് സമരം കണ്ണൂർ ജില്ലയിൽ പൂർണം



കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തിയെങ്കിലും മിക്ക റൂട്ടുകളിലും ജനം വലഞ്ഞു.


കണ്ണൂര്‍: നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ജില്ലയില്‍ പൂര്‍ണം.


കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തിയെങ്കിലും മിക്ക റൂട്ടുകളിലും ജനം വലഞ്ഞു. മലയോര മേഖലയിലെയും മ​റ്റും യാത്രക്കാരാണ് ഏറേ പ്രതിസന്ധിയിലായത്. നിലവില്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്ന 700 ഓളം ബസുകളാണ് പണിമുടക്കിയത്. ഒന്നുമുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ വിദ്യാര്‍ത്ഥികളെയും സമരം ബാധിച്ചു.


മിനിമം ചാര്‍ജ്ജ് 12 രൂപയാക്കുക, കിലോമീ​റ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ ഇന്നയിക്കുന്നത്. കെ.എസ്.ആര്‍.ടി.സി പല ഭാഗങ്ങളിലേക്കും സര്‍വീസ് നടത്തിയില്ലെന്ന ആക്ഷേപവുമുയര്‍ന്നു. നിലവില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്ന സ്ഥലങ്ങളിലേക്ക് അധിക ട്രിപ്പുകള്‍ മാത്രമാണ് നടത്തിയത്. കണ്ണൂര്‍ -കോഴിക്കോട്, കണ്ണൂര്‍- ഇരിട്ടി, കണ്ണൂര്‍- കാസര്‍കോട്, കണ്ണൂര്‍ -കൂത്തുപറമ്ബ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകളുണ്ടായിരുന്നുവെങ്കിലും വലിയ തിരക്കായിരുന്നു.

0/Post a Comment/Comments