കേരളം സ്തംഭിച്ചു, മറ്റുള്ളിടത്ത് എല്ലാം പതിവു പോലെ


      




കേരളം സ്തംഭിച്ചു, മറ്റുള്ളിടത്ത് എല്ലാം പതിവു പോലെ

ന്യൂഡൽഹി: പ്രതിപക്ഷ ട്രേഡ് യൂണിയനുകളിൽ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് തുടങ്ങിയപ്പോൾ പൂർണമായി സ്തംഭിച്ചത് കേരളം മാത്രം. ബംഗാളിൽ ഇടതുകക്ഷികൾ സമരത്തിനായി ശക്തമായി രംഗത്തുണ്ടെങ്കിലും ജീവനക്കാർ എല്ലാവരും നിർബന്ധമായും ഒാഫീസിൽ ഹാജരാകണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനർജി. ന്യൂഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളെ പണിമുടക്ക് ബാധിച്ചില്ല.


മുംബൈയിൽ ഇടതു തൊഴിലാളി സംഘടനകൾക്കു സ്വാധീനമുള്ള ചുരുക്കം ചില മേഖലകളിൽ തൊഴിലാളികൾ പണിമുടക്കുന്നുണ്ട്. ഇവിടെയും എന്നാൽ പൊതുജീവിതത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. കർണാടകയിൽ വിദ്യാർഥികൾക്കു പരീക്ഷകൾ അടക്കം സുഗമമായി നടക്കുന്നുണ്ട്. ചില നഗരങ്ങളിൽ പണിമുടക്ക് നടക്കുന്നുണ്ടെന്ന വിവരം പോലും പലരും അറിഞ്ഞിട്ടില്ല.


അതേസമയം, കേരളത്തിൽ തികച്ചും വ്യത്യസ്തമാണ് സ്ഥിതി. സന്പൂർണമായി സ്തംഭിച്ചിരിക്കുകയാണ് കേരളം. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ റോഡുകളിൽ ഒാടുന്നുണ്ട്. കെഎസ്ആർടിസി അടക്കം സർവീസ് നടത്തുന്നില്ല. ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്.


ചിലേടങ്ങളിൽ തുറന്നിരുന്ന ചില വ്യാപാര സ്ഥാപനങ്ങൾ സമരക്കാർ അടപ്പിച്ചു. കടകൾ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞിരുന്നെങ്കിലും നഗരങ്ങളിലൊന്നുംതന്നെ കടകൾ കാര്യമായി തുറന്നിട്ടില്ല.


അതേസമയം, ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ട കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. പാൽ ഉൾപ്പെടെയുള്ളവ വിൽക്കുന്ന ചില കടകളും രാവിലെ തുറന്നിരുന്നു.

0/Post a Comment/Comments