നേതാക്കളെ പരസ്യ വിചരണ ചെയ്യുന്നത് ക്ഷീണമുണ്ടാക്കും'; വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ നടപടിയെന്ന് കെ സുധാകരൻ




അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.


തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുമെന്നും സുധാകരൻ പറഞ്ഞു.


സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ്. പരാജയ കാരണം ചിലരുടെ ചുമലില്‍ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ജയ പരാജയങ്ങളില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0/Post a Comment/Comments